ഇടുക്കി ഡാം ഇത്തവണ 
നിറഞ്ഞേക്കും; നീരൊഴുക്ക്‌ വർധിച്ചു

ജലസമൃദ്ധിയിൽ ഇടുക്കി ഡാം


ചെറുതോണി > ഒരാഴ്‌ചയായി പെയ്യുന്ന മഴയിൽ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ വർധിച്ചു. അണക്കെട്ടിലേക്ക് കൂടുതൽ ജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച അഞ്ച്‌ ഡൈവേർഷൻ പദ്ധതികളും തുടർച്ചയായ മഴയിൽ സജീവമായി. കല്ലാർ, ഇരട്ടയാർ  ടണലുകളും നിറഞ്ഞ്‌ ഇടുക്കി ജലസംഭരണിയിലേക്കു വെള്ളമൊഴുക്കു തുടരുന്നതിനാൽ വരും ദിവസങ്ങളിൽ  ജലനിരപ്പു പടിപടിയായി ഉയരുമെന്ന് പ്രതീക്ഷയിലാണ് ബോർഡ്.   ജില്ലയിലെ ചെറുകിട വൈദ്യുതി നിലയങ്ങളുടെ  സംഭരണികളെല്ലാം കഴിഞ്ഞ ഒരാഴ്ചത്തെ മഴയിൽ പൂർണ സംഭരണ ശേഷിയിലെത്തിയതിനാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഇടുക്കിയിൽ നിന്നുള്ള ഉൽപ്പാദനം വൈദ്യുതി വകുപ്പ് പരമാവധി താഴ്‌ത്തും. കാലവർഷം സജീവമായാൽ വടക്കേപ്പുഴ, വഴിക്കടവ്, അഴുത,  മുട്ടാർ ,നാരകക്കാനം തുടങ്ങിയ ഡൈവേഷൻ പദ്ധതിയിൽ നിന്നും കൂടുതൽ ജലമെത്തുന്നതോടെ ജലനിരപ്പ് ഉയരും.   കുളമാവ് അണക്കെട്ടിനു പുറത്ത് വടക്കേപ്പുഴയിൽ നിന്ന്‌ ഒഴുകിയെത്തുന്ന വെള്ളം  ചെക്ക്‌ ഡാം കെട്ടി സംഭരിച്ചു നിർത്തുന്നു. വെള്ളം പമ്പു ചെയ്‌തു അണക്കെട്ടിലേക്കു തിരിച്ചുവിടുന്ന വടക്കേപ്പുഴ ഡൈവേർഷൻ പദ്ധതി വഴി ഇത്തവണ റിക്കാർഡ് വെള്ളമാണ് ഒഴുകിയെത്തിയത്‌.  വാഗമൺ വഴിക്കടവിൽ ചെക്ക്‌ഡാം കെട്ടി വെറുതെ പാഴാകുന്ന വെള്ളം ഇടുക്കി ജലാശയത്തിലേക്കു തിരിച്ചുവിടുന്ന വഴിക്കടവ് പദ്ധതിയിലും ഒരാഴ്ചകൊണ്ട് നീരൊഴുക്കുകുടി.  നാരകക്കാനത്ത് ചെക്കു ഡാം കെട്ടി ഇടുക്കി ജലാശയത്തിലെ  കല്യാണത്തണ്ട് ഭാഗത്തേക്കു ഒഴുക്കുന്ന ഡൈവേർഷൻ പദ്ധതിയും ഇത്തവണ ഫലംകണ്ടു. പീരുമേട്ടിലെ അഴുതയിലും മൂടാറിലും വെള്ളം സംഭരിച്ച് ഇടുക്കി അണക്കെട്ടിലേക്കു തിരിച്ചുവിടുന്ന കല്ലാറിലും ഇരട്ടയാ റിലുമുള്ള പദ്ധതികൾ ഏറ്റവും പഴക്കം ചെന്നതാണ്‌. ഈ പദ്ധതികൾ വഴിയാണ്‌ ഇടുക്കി അണക്കെട്ടിലേക്ക് ആവശ്യത്തിനു ജലമെത്തുന്നത്‌. ഇതുമൂലം ലക്ഷക്കണക്കിന്‌ രൂപയുടെ ലാഭം ബോർഡിനു ലഭിക്കുന്നുണ്ട്‌. ഇടുക്കി വൃഷ്‌ടി പ്രദേശങ്ങളിൽ  ഒരാഴ്‌ചയായി കനത്ത മഴ പെയ്യുകയാണ് .പീരുമേട്‌,  വാഗമൺ,  അയ്യപ്പൻകോവിൽ എന്നിവിടങ്ങളിൽ  മഴ തുടരുകയാണ്‌.   ഇടുക്കി സംഭരണിയിലെ കഴിഞ്ഞദിവസ  ജലനിരപ്പ് 2340. 36 അടിയാണ്‌. ഏഴ്‌ ദശലക്ഷം വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ ജലമാണ്  ഒറ്റ ദിവസം കൊണ്ട് ഒഴുകിയെത്തിയത് .  കഴിഞ്ഞവർഷം  ഇതേദിവസം 2336.72 അടിയായിരുന്നു. പദ്ധതി പ്രദേശത്ത്‌ 13.8 മി.മീറ്റർ മഴ പെയ്‌തു. മൂലമറ്റത്ത്‌  വൈദ്യുതി ഉൽപാദനം 8.315  ദശലക്ഷം  യൂണിറ്റാണ്‌. Read on deshabhimani.com

Related News