കനത്ത മഴ: ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം
തൊടുപുഴ > കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും, ശക്തമായ മഴ,കാറ്റ് കോടമഞ്ഞ്, മണ്ണിടിച്ചിൽ എന്നിവ ഉള്ളതിനാലും ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെ ജില്ലയിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ രാത്രി യാത്ര അനുവദിക്കുന്നതല്ല എന്നും അറിയിപ്പിൽ പറയുന്നു. ജില്ലയിൽ വിവിധയിടങ്ങളിൽ റോഡ് അപകടാവസ്ഥയിലായതിനാൽ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ഭരണകൂടം അറിയിച്ചു. ചപ്പാത്ത് - കട്ടപ്പന റോഡിൽ ആലടി ഭാഗത്ത് പഴയ കൽകെട്ട് ഇടിഞ്ഞുപോയതിനാൽ റോഡ് അപകടാവസ്ഥയിലാണ്. അതിനാൽ ചപ്പാത്ത് -കട്ടപ്പന റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു. ഏലപ്പാറ, വാഗമൺ, പാല ,കോട്ടയം ഭാഗത്തേക്ക് യാത്ര ചെയുന്ന വാഹനങ്ങൾ പരപ്പിൽ നിന്നും വലത്തേക്ക് തിരിഞ്ഞു ഉപ്പുതറ,ചീന്തലാർ വഴിയും, കുട്ടിക്കാനം , ഏലപ്പാറ ,ചപ്പാത്ത് വഴി കട്ടപ്പനയിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ ആലടിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു മേരികുളത്തേക്കും പോകേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു. Read on deshabhimani.com