ഇത് നമ്മുടെ മേള
കേരള രാജ്യാന്തര ചലച്ചിത്രമേള( ഐഎഫ്‌എഫ്‌കെ)യുടെ 29–-ാമത് പതിപ്പിനാണ് തലസ്ഥാനം വേദിയാകുന്നത്. ചലച്ചിത്രമേള മൂന്നുപതിറ്റാണ്ടിലേക്ക് അടുക്കുമ്പോൾ ജനപങ്കാളിത്തത്തിന്റെ കാര്യത്തിലും വിദേശത്തുനിന്നുള്ള അതിഥികളുടെ കാര്യത്തിലും ഏറെ മുന്നോട്ടുപോയി. ജനപങ്കാളിത്തത്തിന്റെ കാര്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ മേളയാണ് നമ്മുടേത്. സിനിമയെ ഗൗരവമായി കാണുന്ന വലിയവിഭാഗം പ്രേക്ഷകരും ഇവിടെ എത്തുന്നു. ഈ വർഷവും മികച്ച ചലച്ചിത്രങ്ങളും പ്രശസ്‌തരായ ചലച്ചിത്ര പ്രതിഭകളെയും കൊണ്ടുവരാനാണ് ശ്രമിച്ചത്. കഴിഞ്ഞവർഷങ്ങളിൽ പാലിച്ചുപോരുന്ന മാനദണ്ഡങ്ങൾതന്നെയാണ് ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനായി സ്വീകരിച്ചത്. ഏറ്റവും നല്ലചിത്രങ്ങൾ, മറ്റുമേളകളിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ എന്നിവയൊക്കെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമയും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രവും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് ചിത്രവും പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ 63 സിനിമ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറിറ്റ്സ് മറ്റൊരു ആകർഷണമായിരിക്കും. ചർച്ചയായ, ശ്രദ്ധിക്കപ്പെട്ട, നിരൂപക ശ്രദ്ധ നേടിയ ചിത്രങ്ങളാണ് അന്താരാഷ്‌ട്ര മത്സരവിഭാഗത്തിലുള്ളത്. മാസങ്ങളെടുത്താണ് ക്യുറേറ്ററായ ഗോൾഡ സെല്ലം പാക്കേജ് തയ്യാറാക്കിയത്. അതിനായി അവർ വിവിധ അന്താരാഷ്‌ട്ര മേളകളിൽപോയി സിനിമ കണ്ടു. വർത്തമാനകാല സാഹചര്യത്തിൽ പൊതുസമൂഹം സിനിമാമേഖലയെ കുറിച്ചുള്ള ചർച്ച ഏറ്റെടുത്തിട്ടുണ്ട്. ലോകസിനിമയിലെ സ്‌ത്രീ സാന്നിധ്യങ്ങളെ ആദരിക്കാനും അടയാളപ്പെടുത്താനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള വേദിയായി മേള മാറും. മലയാള സിനിമയുടെ ശൈശവദശ മുതൽ എൺപതുകളുടെ തുടക്കംവരെ തിരശ്ശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ‘മറക്കില്ലൊരിക്കലും'' എന്ന പേരിൽ ആദരിക്കുന്നുണ്ട്. മാനവീയം വീഥിയിൽ വലിയ പരിപാടിയായിട്ടാണ് അത് സംഘടിപ്പിക്കുന്നത്.ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വർഷത്തെ മേള നൽകുന്ന പ്രാമുഖ്യത്തിന്റെ അടയാളം കൂടിയാണിത്. തുടർന്ന് ഇവരുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതപരിപാടിയും ഉണ്ടാകും. മലയാളം സിനിമാടുഡേയിൽ നാല് സിനിമകൾ വനിതാസംവിധായകരുടേതാണ്. അതിൽ ഒരു സിനിമ അന്താരാഷ്‌ട്ര മത്സരവിഭാഗത്തിൽ മത്സരിക്കുന്നുണ്ട്. മേളയിൽ മൊത്തത്തിൽ സ്ത്രീ സംവിധായകരുടെ 52 സിനിമ പ്രദർശിപ്പിക്കും. സിനിമാലോകത്തെ സ്ത്രീ സാന്നിധ്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഫീമെയിൽ ഗെയ്സ് എന്ന വിഭാഗം മറ്റൊരു പ്രത്യേകതയാണ്. ഇതിൽ ഏഴു ചിത്രം പ്രദർശിപ്പിക്കും. നമ്മൾ യുദ്ധം, അധിനിവേശം എന്നിവയുടെ ഭീകരത അത്രയേറെ അനുഭവിച്ചിട്ടില്ല. ഇത് എഴുതുമ്പോൾ പോലും എവിടെയൊക്കെയൊ, ബോംബുകളുടെയും വെടിയുണ്ടകളുടെയും ഒച്ചകളുണ്ട്. അതിനിടയിൽ ജീവനുവേണ്ടി ആർത്തലയ്‌ക്കുന്ന മനുഷ്യരുടെ അവസ്‌ഥയുണ്ട്. അത്തരം അവസ്ഥകൾ ആലേഖനം ചെയ്യപ്പെടുന്ന സിനിമകൾ മേളയിലുണ്ടാകും. രാജ്യാന്തര ചലച്ചിത്രമേളയിൽ കൺട്രി ഫോക്കസ് വിഭാഗത്തിൽ അർമേനിയയിൽ നിന്നുള്ള ഏഴ് ചിത്രം പ്രദർശിപ്പിക്കും. ഒരു നൂറ്റാണ്ട് പിന്നിടുന്ന അർമേനിയൻ സിനിമയോടുള ആദരസൂചകമായാണ് പ്രദർശനം. അമേരിക്കറ്റ്സി, ഗേറ്റ് ടു ഹെവൻ, ലാബ്റിന്ത്, ലോസ്റ്റ് ഇൻ അർമേനിയ, പരാജ്നോവ്, ഷുഡ് ദി വിൻഡ് ഡ്രോപ്പ്’, ദി ലൈറ്റ്ഹൗസ് എന്നീ സിനിമകളാണ് മേളയിലെത്തുന്നത്. മലയാള സിനിമയും നൂറുവർഷത്തിലേക്ക് കടക്കുകയാണ്. നമ്മുടെ സിനിമയും അവരുടെ സിനിമയും തമ്മിൽ ഒരു ഐക്യം എവിടെയൊക്കെയൊ ഉണ്ട്. 50 ലോകചലച്ചിത്രാചാര്യർക്ക് ആദരമർപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് എക്‌സിബിഷനുമുണ്ട്. സിനിമാ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട് എന്ന എക്‌സിബിഷൻ സംവിധായകൻ ടി കെ രാജീവ് കുമാർ ആണ് ക്യുറേറ്റ് ചെയ്തിരിക്കുന്നത്. കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിങ്ങുകൾ പ്രദർശനത്തിൽ ഉണ്ടാകും. തോപ്പിൽ ഭാസി, പി ഭാസ്‌കരൻ, പാറപ്പുറത്ത് എന്നിവരോടുള്ള ആദരസൂചകമായി മേളയിൽ ലിറ്റററി ട്രിബ്യൂട്ട് സംഘടിപ്പിക്കും. തോപ്പിൽ ഭാസി തിരക്കഥ എഴുതി പി ഭാസ്‌കരൻ സംവിധാനം ചെയ്ത മൂലധനം, പാറപ്പുറത്ത് കഥയും തിരക്കഥയും എഴുതിയ അരനാഴികനേരം, പി ഭാസ്‌കരന്റെയും രാമു കാര്യാട്ടിന്റെയും കൂട്ടുകെട്ടിൽ സംവിധാനം ചെയ്ത നീലക്കുയിൽ എന്നീ സിനിമകളുടെ പ്രദർശനം മേളയിലുണ്ടാകും. മേളയുടെ പ്രചാരണാർഥം കാസർകോട് ജില്ലയിലെ കയ്യൂരിൽനിന്ന് ടൂറിങ് ടാക്കീസ് പ്രദർശനം നടത്തി. 13 ജില്ലകളിൽ പ്രദർശനം സംഘടിപ്പിച്ചു. സ്‌മൃതി ദീപ പ്രയാണവും മേളയുടെ ഭാഗമായി. ചലച്ചിത്ര പ്രതിഭകളായ ജെ സി ഡാനിയേൽ, പി കെ റോസി, പ്രേം നസീർ, സത്യൻ, നെയ്യാറ്റിൻകര കോമളം എന്നിവരുടെ സ്‌മൃതി മണ്ഡപങ്ങളിലും ചരിത്ര പ്രസിദ്ധമായ മെരിലാൻഡ് സ്റ്റുഡിയോയിലും ആദരമർപ്പിച്ചായിരുന്നു പ്രയാണം. മാനവീയം വീഥിയിൽ ആ ദീപശിഖ മേളയുടെ സമാപനം വരെ ജ്വലിക്കും. Read on deshabhimani.com