ഐഎഫ്എഫ്കെ: തിരക്കാഴ്ചകളുടെ ആഘോഷം
വിസ്‌മയിപ്പിക്കുന്ന ജനപങ്കാളിത്തമാണ് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഏറ്റവും വലിയ സവിശേഷത. ആദ്യകാലങ്ങളിൽ നമ്മുടെ ചലച്ചിത്രമേളയുടെ കാണികൾ ബുദ്ധിജീവികളായ സിനിമാപ്രേമികൾ മാത്രമായിരുന്നു. അക്കാലത്ത് മേളയുടെ പാസ് സംഘടിപ്പിക്കുകയെന്നത് സാധാരണക്കാർക്കും വിദ്യാർഥികൾക്കും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതിനുമുമ്പ് കോഴിക്കോട് നടന്ന മേളയിൽ പങ്കെടുത്തത് ഓർക്കുന്നു. കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പഠിക്കുകയായിരുന്നു അന്ന്. സർവകലാശാലയിലെ ഉദ്യോഗസ്ഥന്റെ പാസുമായാണ് ഫെസ്റ്റിവലിന് പോയത്. മിക്കവാറും ഒഴിഞ്ഞു കിടന്നിരുന്ന ബ്ലൂ ഡയമണ്ട് തിയറ്ററിൽ തികഞ്ഞ ബുദ്ധിജീവി അന്തരീക്ഷത്തിൽ പല വിശ്വോത്തര സിനിമകളും കണ്ടു. നല്ല സിനിമകളുടെ തിയറ്റർ അനുഭവം സാധാരണക്കാർക്ക് നിഷേധിക്കപ്പെട്ടിരുന്ന ആ കാലത്തിന് മാറ്റമുണ്ടാക്കിയത് അടൂർ ഗോപാലകൃഷ്ണനാണ്. ചലച്ചിത്ര അക്കാദമി ചെയർമാനായിരിക്കെ 2002ൽ അദ്ദേഹം പ്രസ്‌താവന നടത്തി – 18 വയസ്സുതികഞ്ഞ ആർക്കും 100 രൂപ കൊടുത്ത് ഫെസ്റ്റിവൽ ഡെലിഗേറ്റാകാം. പ്രതിനിധി ഫീസ് ഏർപ്പെടുത്തിയത് ആ വർഷമാണ്. ഫെസ്റ്റിവൽ റിപ്പോർട്ടു ചെയ്യാനാഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർക്കുപോലും പാസ് കിട്ടാൻ സർക്കാരുദ്യോഗസ്ഥരുടെ ശുപാർശ വേണമെന്ന സ്ഥിതിയായിരുന്നു അതുവരെ. ശുപാർശയ്ക്കുപകരം പണം കൊടുത്ത് ഡെലിഗേറ്റ് പാസ് വാങ്ങി അന്തസ്സോടെ സിനിമ കാണാമെന്ന അടൂരിന്റെ അറിയിപ്പ് അതുവരെ പാസിനുവേണ്ടി നെട്ടോട്ടമോടിയിരുന്ന ഞങ്ങളെപ്പോലുള്ള ചലച്ചിത്രപ്രേമികളിൽ ആഹ്ലാദവും ആവേശവും നിറച്ചു. തിരുവനന്തപുരമായിരിക്കും ഇനി മേളയുടെ സ്ഥിരം വേദിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അടൂരിന്റെ പ്രഖ്യാപനം വരേണ്യ ബുദ്ധിജീവികളിൽ ചിലർക്ക് അത്ര ബോധിച്ചില്ല. ചുമട്ടു തൊഴിലാളികളും മീൻ കച്ചവടക്കാരുമൊക്കെയായിരിക്കും ഇനി സിനിമ കാണാനുണ്ടാകുക എന്നൊക്കെ അവർ ആക്ഷേപമുന്നയിച്ചു. പക്ഷേ, ആ വർഷംമുതൽ മേളയുടെ സ്വഭാവം അടിമുടി മാറി. അടൂരിന്റെ പ്രസ്‌താവന തികച്ചും വിപ്ലവകരമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ വിദ്യാർഥികളടക്കമുള്ള യുവജനങ്ങൾ കേരളത്തിന്റെ എല്ലാ ജില്ലകളിൽനിന്നും മേളയിലേക്ക് ആവേശപൂർവം കടന്നുവന്നു. വനിതാ പ്രാതിനിധ്യം വൻതോതിൽ വർധിച്ചു. തിയറ്ററുകൾ നിറഞ്ഞു കവിഞ്ഞു. നിലത്തിരുന്നും നിന്നുമൊക്കെ പ്രേക്ഷകർ സിനിമകൾ കണ്ടു. ആ സിനിമകളൊക്കെ ഒരുക്കിയ വിദേശ സംവിധായകർ ഒരിക്കലും ജന്മനാട്ടിൽ ഇങ്ങനെയൊരു ആൾക്കൂട്ടത്തെ കണ്ടിട്ടുണ്ടാകില്ല. ജാഫർ പനാഹിയും അബ്ബാസ് കിയോരസ്‌താമിയും അടക്കമുള്ള ഏഷ്യൻ സംവിധായകർ മലയാളികളുടെ ആരാധനാപാത്രങ്ങളായി. ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ദുക്കിന്റെ റിട്രോസ്‌പ്രെക്ടീവ് വലിയ തരംഗം തന്നെ സൃഷ്ടിച്ചു. 2013ലെ ഐഎഫ്എഫ്കെയിൽ മുഖ്യാതിഥിയായെത്തിയ കിം കി ദുക് തന്റെ മലയാളി ആരാധകരെ കണ്ട് വിസ്‌മയിച്ചു പോയി. തീരുമാനിച്ചതിലും രണ്ടുദിവസം വൈകിയാണ് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് മടങ്ങിയത്. വ്യക്തമായ ഒരു തലമുറ മാറ്റം ഐഎഫ്എഫ്എഫ്കെയിൽ ഉണ്ടായ കാലമായിരുന്നു അത്. ലഹരിയുടെ ചിറകിലേറി തിയറ്ററിൽ കയറി കുറച്ചു കഴിയുമ്പോഴേയ്ക്കും എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ് ഇറങ്ങിപ്പോകുന്ന കുറേപ്പേർ ഉണ്ടായിരുന്നു. പതുക്കെപ്പതുക്കെ അവർ അപ്രത്യക്ഷരായി. പുതിയ തലമുറയുടെ സിനിമാസ്വാദന ശൈലി അവരുടേതിനെക്കാൾ ഗൗരവസ്വഭാവമുള്ളതാണെന്ന് കാലം തെളിയിച്ചു. മൂന്നു പതിറ്റാണ്ടോടടുക്കുമ്പോൾ ഐഎഫ്എഫ്കെ കേരളത്തിൽ ചലച്ചിത്ര പ്രബുദ്ധതയുള്ള പ്രേക്ഷകസമൂഹത്തെ മാത്രമല്ല സൃഷ്ടിച്ചത്. വേറിട്ട കാഴ്ചപ്പാടുള്ള ഒരു കൂട്ടം യുവസംവിധായകരും മേളയ്ക്കൊപ്പം വളർന്നുവന്നു. അവരിൽ പലരുടെയും ചിത്രങ്ങൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചു. പല സിനിമകളും പുരസ്‌കാരങ്ങൾ നേടി. മേള ജനപ്രിയമായി മാറിയതിനൊപ്പം സിനിമയുടെ പൊതുസ്വഭാവവും മാറിക്കൊണ്ടിരുന്നു. ഡിജിറ്റൽ മീഡിയത്തിലേയ്ക്ക് സിനിമ പൂർണമായും മാറി. അതോടെ സിഡി, ഡിവിഡി രൂപങ്ങളിൽ ലോക ക്ലാസിക് സിനിമകൾ ലഭ്യമാകാൻ തുടങ്ങി. തിരുവനന്തപുരത്ത് ബീമ പള്ളി പരിസരത്തുള്ള കടകളിൽ ലൂമിയർ സഹോദരൻമാരും ചാർളി ചാപ്ലിനുംമുതൽ ബർഗ്-മാനും ഫെലീനിയും കുറോസാവയും ലൂയി ബുനുവലും കിം കി ദുക്കും അടക്കമുള്ള നിരവധി സംവിധായകരുടെ സിനിമകൾ വന്നുനിറഞ്ഞു. മറ്റു പട്ടണങ്ങളിൽ നല്ല സിനിമകളുടെ ഡിവിഡികൾ വീട്ടിൽ കൊണ്ടുവന്നു തരാനും ആളുകളുണ്ടായി. പതിയെപ്പതിയെ ഡിവിഡികളും അരങ്ങൊഴിഞ്ഞു. ലാപ്ടോപ്പുകളിൽ ഡിവിഡി ഡ്രൈവ് പോലും ഇല്ലാതായി. ഡിവിഡികളും സിഡികളും ഡിജിറ്റൽ മാലിന്യമായി മാറി. ഡൗൺലോഡിങ്ങിന്റെ കാലമായി പിന്നീട്. ടോറന്റ് അടക്കമുള്ള ഡൗൺലോഡറുകളുടെ അരങ്ങുവാഴ്ചയുടേതാണ് അക്കാലം. കോവിഡ് മഹാമാരി സിനിമയുടെ സ്വഭാവത്തെ പിന്നെയും മാറ്റിമറിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ കാണുകയെന്ന പുതിയ ശീലത്തിലേയ്ക്ക് പ്രേക്ഷകർ വഴിമാറി. അത് ഒരനിവാര്യതയായിരുന്നു. നെറ്റ്ഫ്ളിക്സ് പോലുള്ള പ്ലാറ്റ്ഫോമുകൾ നിലവാരമുള്ള സിനിമകൾ നിർമിക്കാനും വിതരണം ചെയ്യാനും തുടങ്ങി. അന്താരാഷ്ട്ര ശ്രദ്ധ നേടിയ റോമ (അൽഫോൻസോ ക്വോറോൺ) അടക്കമുള്ള നിരവധി സിനിമകളിൽ നെറ്റ്ഫ്ളിക്സിന്റെ പങ്കാളിത്തമുണ്ടായി. ഈ മേളയിൽ പ്രദർശിപ്പിക്കുന്ന ചില ചിത്രങ്ങൾ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ പുറത്തുവന്നവയാണ്. സിനിമകൾ പ്രേക്ഷകരുടെ വീടകങ്ങളിലേക്കും മൊബൈൽ ഫോണുകളിലേക്കും എത്തിച്ചേരുന്ന ഈ ഒടിടി കാലത്ത് ചലച്ചിത്രമേളകളുടെ പ്രസക്തി എന്താണെന്ന ചോദ്യം സ്വാഭാവികമായും പലരും ഉയർത്തുന്നുണ്ട്. സിനിമ കാണുക എന്നതിനപ്പുറം സാംസ്‌കാരിക വിനിമയത്തിനുള്ള വേദികൾ കൂടിയാണ് ചലച്ചിത്രമേളകൾ എന്നതാണ് ആ ചോദ്യത്തിനുള്ള ഒരുത്തരം. ഓപ്പൺ ഫോറങ്ങളിലെ എവിടെയുമെത്താത്ത ചർച്ചകളേക്കാൾ ചലച്ചിത്രകാരൻമാരുമായുള്ള സംവാദങ്ങൾക്കും മാസ്റ്റർ ക്ലാസുകൾക്കും സിനിമയുടെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തുന്ന എക്സിബിഷനുകൾക്കുമൊക്കെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ലോകമെങ്ങുമുള്ള ചലച്ചിത്രമേളകൾ മുന്നോട്ടു പോകുന്നത്. ഫിലിം മാർക്കറ്റിങ്ങും വളരെ പ്രധാനപ്പെട്ടതാണ്. ഐഎഫ്എഫ്കെയുടെ ഫിലിം മാർക്കറ്റിങ് കുറച്ചുകൂടി കാര്യക്ഷമമായി നിർവഹിക്കാനുണ്ട്. തിരക്കാഴ്ചകൾക്കപ്പുറം യുവതയുടെ ആഘോഷങ്ങളുടേതു കൂടിയായി ഐഎഫ്എഫ്കെയുടെ ദിനരാത്രങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. സിനിമ പിന്നെയും കാണാം, ചലച്ചിത്രമേളയുടെ ആടിത്തിമിർക്കലുകൾ വർഷത്തിലൊരിക്കൽമാത്രം എന്നതാണ് പുതിയ തലമുറയുടെ നിലപാട്. ആർക്കു വിയോജിപ്പുണ്ടായാലും സിനിമ ആ തലമുറയ്ക്കൊപ്പമേ നിലകൊള്ളൂവെന്നതാണ് സത്യം. സിനിമ കാണൽ തന്നെ സ്വയം നവീകരണ പ്രക്രിയയാണ്. സിനിമയ്ക്ക് എന്നും 17 വയസ്സിന്റെ മധുര കൗമാരവുമാണ്. Read on deshabhimani.com