എലിസബത്തിന്റെ ആകുലതകളുടെ കഥ പറഞ്ഞ് ദ സബ്‌സ്റ്റൻസ്
വാർധക്യത്തോടടുക്കുന്ന പെണ്ണുടലിനെക്കുറിച്ചുള്ള ചലച്ചിത്രോപന്യാസമാണ് ഫ്രഞ്ച് സംവിധായിക കൊറാലി ഫോർജയുടെ ദ സബ്സ്റ്റൻസ് എന്ന ബോഡി ഹൊറർ സയൻസ് ഫിക്‌ഷൻ ചിത്രം. അമ്പതാം ജന്മദിനത്തിൽ പ്രായമേറുന്നു എന്ന കാരണംകൊണ്ടുമാത്രം ഗ്ലാമറിന്റെ വെള്ളിവെളിച്ചത്തിൽനിന്ന് എന്നെന്നേയ്ക്കുമായി തിരസ്‌കൃതയാകുന്ന എലിസബത്ത് എന്ന ടെലിവിഷൻ താരമാണ് കേന്ദ്രകഥാപാത്രം. ഒരപകടത്തെ തുടർന്ന് ആശുപത്രിയിലാകുന്ന എലിസബത്തിന് ഡോക്ടർ കരിഞ്ചന്തയിൽ കിട്ടുന്ന ഒരു മരുന്ന് കൊടുക്കുന്നു. ഒറ്റ ഇൻജക്‌ഷൻകൊണ്ട് ഒരു വ്യക്തിയുടെ യുവത്വം തുളുമ്പുന്ന പുതിയൊരു പതിപ്പിനെ സൃഷ്ടിക്കാൻ കഴിയുന്ന മരുന്ന്. മധ്യവയസ്സ് പിന്നിടുന്ന സ്ത്രീകൾക്കുണ്ടാകുന്ന ആകുലതകൾക്കൊപ്പം തിരസ്കാരത്തിന്റെ കഠിനവേദനയുംകൊണ്ടു വലഞ്ഞ എലിസബത്ത് ആ മരുന്ന് കുത്തിവയ്ക്കുന്നു. സ്വന്തം യുവസ്വരൂപത്തിനു ജന്മം നൽകുന്നു. സ്യൂ എന്നാണ് എലിസബത്തിന്റെ പുതിയ പതിപ്പിന്റെ പേര്. ഇരുവരുടെയും ഡിഎൻഎ ഒന്നുതന്നെയാണ്. അപകടകരമായ മാനസികപ്രശ്നങ്ങളിലേക്ക് ഇത് എലിസബത്തിനെ നയിക്കുന്നു. സ്ത്രീയുടെ അസ്തിത്വത്തിനാധാരം ശരീരവും സൗന്ദര്യവുമാണെന്ന ആൺ കാഴ്ചപ്പാടിനെ നിർധാരണം ചെയ്യുകയാണ് കൊറാലി ഫോർജ. വാർധക്യം ബാധിച്ചു തുടങ്ങിയ ശരീരത്തിൽനിന്ന് പുറത്തു കടക്കാൻ ശ്രമിക്കുന്ന എലിസബത്ത് അതേ ഉടലിൽത്തന്നെ വീണ്ടും വീണ്ടും അകപ്പെടുന്നു. ആർത്തവവിരാമം അടക്കം സ്ത്രീ ശരീരത്തിലുണ്ടാകുന്ന ജീവശാസ്ത്രപരമായ മാറ്റങ്ങളോടുള്ള ഭയവും യൗവനം നിലനിർത്താൻ വേണ്ടി ശ്രമിക്കേ പെണ്ണുടലുകൾ ക്രമേണ വികൃതമാകുന്ന അവസ്ഥയും സിനിമയുടെ ഉപാഖ്യാനങ്ങളാണ്. തൊള്ളായിരത്തി തൊണ്ണൂറുകളിൽ താരപദവിക്കു മങ്ങലേറ്റ ഡെമി മൂറിന്റെ തിരശ്ശീലയിലെ രണ്ടാംജന്മമാണ് എലിസബത്ത് എന്ന കഥാപാത്രം. പ്രായം എന്നത് കേവലം ഒരു എണ്ണം മാത്രമാണെന്ന് തെളിയിക്കുകകൂടിയാണ് അറുപത്തിരണ്ടുകാരിയായ ഡെമി മൂർ. Read on deshabhimani.com