രാജ്യാന്തര ചലച്ചിത്രമേള: കേൾക്കാം സിൽവിയുടെ വിരലിലൂടെ

നിശാഗന്ധിയിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ ആംഗ്യഭാഷാവതരണം നടത്തുന്ന സിൽവി മാക്‌സി മേന


തിരുവനന്തപുരം > ശബ്ദമില്ലാത്തവരുടെ ശബ്ദമായി, ഒരുപാട്‌ പേർക്ക്‌ കേൾവിയായി മാറിയ സന്തോഷത്തിലാണ്‌ സിൽവി മാക്‌സി മേന. 29–-ാമത്‌ രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്‌ഘാടനംമുതൽ പ്രധാന വേദികളിൽ സിൽവിയുണ്ട്‌, ശേഷം നന്ദി പറയാനായി നിറഞ്ഞചിരിയോടെ എത്തുന്നവരോട്‌ വീണ്ടും വിരലുകളിലൂടെ സംസാരിച്ചുകൊണ്ട്‌. മുദ്രകളിലൂടെ സിൽവി സംസാരിക്കുമ്പോൾ അവർക്ക് മുന്നിൽ ഐഎഫ്എഫ്‌കെ എന്ന രാജ്യാന്തര വേദിയുടെ വാതിലുകൾകൂടിയാണ് തുറക്കപ്പെടുന്നത്. 1996ൽ ഐഎഫ്‌എഫ്‌കെ വളന്റിയറായി എത്തിയ സിൽവി 29–-ാമത്‌ മേളയിലേക്കുള്ള മാറ്റത്തെ നോക്കിക്കാണുകയാണ്‌. എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലേക്ക്‌ ഈ വർഷത്തെ മേള മാറിയെന്ന്‌ സിൽവി പറയുന്നു. ഇത്തവണത്തേത് ഭിന്നശേഷി സൗഹൃദമേളയാണെന്ന പത്രവാർത്ത കണ്ടപ്പോഴാണ് റാംപുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും ആംഗ്യഭാഷാ അവതരണമില്ലെന്ന് സിൽവിക്ക് മനസ്സിലായത്. ആംഗ്യഭാഷ അവതാരകയാകാനുള്ള താൽപ്പര്യം സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലിനെ അറിയിക്കുകയായിരുന്നു.  ഇതോടെ അവതാരകയാകാൻ അനുമതി നൽകി. ഉദ്ഘാടന ചടങ്ങിലെ അവതരണത്തിനുശേഷം അടുത്ത ദിവസമുള്ള "മറക്കില്ലൊരിക്കലും' മുതിർന്ന നടിമാരെ ആദരിക്കുന്ന ചടങ്ങിൽ അവതരണത്തിനായി മന്ത്രി സജി ചെറിയാൻ ക്ഷണിച്ചു. സർക്കാരിൽനിന്നുള്ള പിന്തുണയും എല്ലാവരെയും പരിഗണിക്കണമെന്ന തീരുമാനവുമാണ്‌ മേളയുടെ വിജയം. ഇവിടെ കേൾവി പരിമിതർ അംഗീകരിക്കപ്പെടുകയാണെന്ന് സിൽവി പറഞ്ഞു. ഇന്ത്യൻ സൈൻ ലാംഗ്വേജ്‌ സിനിമകളും ഭിന്നശേഷിയുള്ളവർ നിർമിക്കുന്ന സിനിമകളും വരും കാലങ്ങളിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ സിൽവി. കാലം മാറുന്നതിനനുസരിച്ച്‌ സിനിമകളുടെ സ്വഭാവത്തിലും മാറ്റങ്ങൾ വരുന്നു. വ്യത്യസ്ത ഭാഷകളിലുള്ള സിനിമകളാണെങ്കിലും പ്രമേയത്തിൽ പൊതുസ്വഭാവം കാണാം. കാലഘട്ടത്തിന്റെ പ്രതിഫലനമാണിത്‌. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ അധ്യാപികയും സൈൻ ലാംഗ്വേജ് വ്യാഖ്യാതാവുമാണ്‌ സിൽവി മാക്‌സി മേന. ഭിന്നശേഷിയുള്ളവർക്കായി ഇന്ത്യൻ ആംഗ്യഭാഷയിലെ മുദ്രകളെ അടിസ്ഥാനപ്പെടുത്തി മുദ്രനടനമെന്ന പേരിൽ നൃത്തവും ചിട്ടപ്പെടുത്തിയിട്ടുണ്ട് സിൽവി. Read on deshabhimani.com

Related News