ഐഎഫ്എഫ്‌കെ മലയാളം സിനിമ ടുഡേയിൽ 
4 വനിതാസംവിധായകരുടെ ചിത്രങ്ങൾ



തിരുവനന്തപുരം കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്കെ) ‘മലയാളം സിനിമ ടുഡേ’ വിഭാഗത്തിൽ നാല്‌ വനിതാസംവിധായകരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ജെ ശിവരഞ്ജിനിയുടെ വിക്ടോറിയ, ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു, ശോഭന പടിഞ്ഞാറ്റിലിന്റെ ഗേൾ ഫ്രണ്ട്സ്,  ഇന്ദുലക്ഷ്‌മിയുടെ അപ്പുറം എന്നീ ചിത്രങ്ങളാണിവ. ആദ്യമായാണ്‌ ഇത്രയും വനിതകളുടെ ചിത്രങ്ങൾ മലയാളം സിനിമ ടുഡേയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. ആകെ 12 സിനിമകളാണ്‌ ഈ വിഭാഗത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഇതിൽ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത ‘അപ്പുറം’ എന്നീ സിനിമകൾ രാജ്യാന്തര മത്സര വിഭാഗത്തിലും പ്രദർശിപ്പിക്കും. മലയാളം സിനിമ ടുഡേയിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റുചിത്രങ്ങളും സംവിധായകരും: എ പാൻ ഇന്ത്യൻ സ്റ്റോറി (വി സി അഭിലാഷ്),  മായുന്നു മാറി വരയുന്നു നിശ്വാസങ്ങളിൽ (അഭിലാഷ് ബാബു), വെളിച്ചം തേടി (കെ റിനോഷുൻ), കിഷ്കിന്ധാ കാണ്ഡം (ദിൻജിത് അയ്യത്താൻ), കിസ് വാഗൺ (മിഥുൻ മുരളി), പാത്ത് (ജിതിൻ ഐസക് തോമസ്), സംഘർഷ ഘടന (ആർ കെ കൃഷാന്ത്), മുഖക്കണ്ണാടി (സന്തോഷ് ബാബുസേൻ, സതീഷ് ബാബുസേനൻ), വതൂസി സോംബി (സിറിൾ ഏബ്രഹാം ഡെന്നിസ്). ജിയോ ബേബി ചെയർമാനും പി എസ് റഫീഖ്, ദിവ്യപ്രഭ, വിനു കോളിച്ചാൽ, ഫാസിൽ റസാഖ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് സിനിമകൾ തെരഞ്ഞെടുത്തത്. ഡിസംബറിലാണ്‌ ചലച്ചിത്രമേള. Read on deshabhimani.com

Related News