നൂറ്റാണ്ടിനപ്പുറവും ഇടമുറിയാതെ 
ഈ ഇഫ്‌താർ മധുരം

വള്ളികുന്നം കടുവിനാൽ മസ്ജിദിൽ വലിയവിളയിൽ ഹൈന്ദവകുടുംബം ഒരുക്കിയ നോമ്പുതുറ


ചാരുംമൂട് > സാഹോദര്യത്തിന്റെ കണ്ണികള്‍ ഇടമുറിയാതെ ഒരു നൂറ്റാണ്ടിലധികമായി മസ്ജിദിൽ നോമ്പുതുറ ഒരുക്കുകയാണ് വള്ളികുന്നം വലിയവിളയിൽ കുടുംബം. ഒരുനൂറ്റാണ്ട്  മുമ്പ് 26–--ാം രാവ് ദിവസം കുടുംബത്തിലെ കാരണവരായ വെളുത്തകുഞ്ഞ് തുടങ്ങിവച്ച നോമ്പുതുറ ഒരു വർഷം പോലും മുടങ്ങാതെ തുടരുകയാണ്‌ പിൻമുറക്കാർ. വള്ളികുന്നം കടുവിനാല്‍ മുസ്‌ലിം ജമാഅത്ത് പള്ളിയിലാണ്  നോമ്പുതുറ. ജാതി-മത ഭേദമന്യേ ആളുകൾ നോമ്പുതുറയിൽ പങ്കാളികളാകും.   കുടുംബത്തിലെ ഇളമുറക്കാരായ പ്രസന്നനും പ്രകാശും സുരേന്ദ്രനും പത്മകുമാറും ഒക്കെ ചേർന്നാണ് ഇപ്പോൾ നോമ്പുതുറക്കുന്നത്. സാധനങ്ങള്‍ പള്ളിയിലെത്തിച്ച്   പാചകംചെയ്‌ത്‌ ആഹാരം വിതരണംചെയ്യുകയാണ് പതിവ്.  നോമ്പുതുറ സമയമാകുമ്പോള്‍ പഴവര്‍ഗങ്ങളും പാനീയങ്ങളും നൽകും. നമസ്‌കാരം കഴിയുന്നതോടെ ഭക്ഷണവും വിളമ്പും. കുടുംബാംഗങ്ങൾക്ക്‌ ഒരു നിഷ്‌ഠപോലെയാണിത്.   മതസൗഹാര്‍ദം വെല്ലുവിളിനേരിടുന്ന ഇക്കാലത്ത്  മുടങ്ങാതെ ഇഫ്താർ ഒരുക്കിയ കുടുംബാംഗങ്ങളായ ദിവാകരൻ, കരുണാകരൻ എന്നിവരെ ജമാഅത്ത് കമ്മിറ്റി ആദരിച്ചു. ചീഫ് ഇമാം മുഹമ്മദ് കുഞ്ഞ് ഗനീമി ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായി. സെക്രട്ടറി നജ്മുദീൻ, മുൻ സെക്രട്ടറി വഹാബ്, മുൻ പ്രസിഡന്റ് ഖാലിദീൻ കുഞ്ഞ്, അഷറഫ് സഖാഫി, മൺസൂർ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News