ഇമ്മിണി ബല്യ ചോദ്യങ്ങൾ,
അറിവിന്റെ ചെറുതുള്ളികൾ



കൊച്ചി "ഇമ്മിണി ബല്യ ഒന്ന്‌' റൗണ്ടിന്റെ പേരുപോലെ ഇമ്മിണി ബല്യ ചോദ്യങ്ങളാണ്‌ ഇക്കുറി കുട്ടിക്കൂട്ടം നേരിട്ടത്‌. ചോദ്യങ്ങൾ കടുകട്ടിയായാലും ഉത്തരങ്ങൾ ഈസിയായെഴുതി ക്വിസ്‌ മാസ്റ്റർമാരെ കുറച്ചൊന്നുകുഴപ്പിച്ചു കാെച്ചുമിടുക്കർ. ടൈബ്രേക്കർ ചോദ്യങ്ങൾ വേണ്ടിവന്നു വിജയികളെ കണ്ടെത്താൻ. വ്യത്യസ്ത റൗണ്ടുകളിൽ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ ചോദ്യങ്ങളാണ്‌ ഇത്തവണ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിലേത്‌. "വെളിച്ചത്തിനെന്തൊരു വെളിച്ചം' കേട്ടാൽ സാഹിത്യമാകും വിഷയമെന്ന്‌ തോന്നിയാലും സംഗതി ശാസ്‌ത്രവും കണ്ടുപിടിത്തങ്ങളുമടങ്ങിയ റൗണ്ടാണ്‌. കായികം, പ്രഗല്‌ഭവ്യക്തികൾ, അവാർഡുകൾ എന്നിവയെക്കുറിച്ചുള്ള റൗണ്ടിന്‌ "ഉയരും ഞാൻ നാടാകെ', പ്രകൃതിയെക്കുറിച്ചുള്ള ചോദ്യങ്ങളടങ്ങിയ റൗണ്ടിന്‌ "വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം' എന്നുമായിരുന്നു പേര് നൽകിയത്‌. ആനുകാലികവും പൊതുവിജ്ഞാനവും ചേർന്നപ്പോൾ റൗണ്ട്‌ "അറിവിന്റെ ചെറുതുള്ളികൾ' എന്നായി. നേരിട്ടുള്ള ചോദ്യങ്ങൾക്കുപകരം ചിന്തിപ്പിക്കുന്ന, കണക്കുകൂട്ടി കണ്ടത്തേണ്ട, ഓപ്‌ഷൻസ്‌ നൽകി കുഴപ്പിക്കുന്ന ചോദ്യങ്ങളായിരുന്നു കൂടുതലും. കുമാരനാശാൻ, ജവാഹർലാൽ നെഹ്‌റു, കെ ആർ നാരായണൻ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ജ്യോതിറാവു ഫുലെ, ജെഫ്രി ഹിന്റൺ തുടങ്ങിയ വ്യത്യസ്ത മേഖലയിലുള്ളവർ ഉത്തരങ്ങളായ ചോദ്യങ്ങൾ. അവാർഡുകൾ വാരിക്കൂട്ടിയ മലയാളചിത്രങ്ങളായ ആടുജീവിതവും ആട്ടവുമെല്ലാം ചോദ്യങ്ങളിൽ ഉൾപ്പെട്ടു. കൂളായി ഉത്തരമെഴുതാൻ ക്വിസ്‌ മാസ്റ്റർമാർ കുട്ടികളെ സഹായിച്ചു. എൽപി വിഭാഗത്തിൽ ബിനോജ്‌ വാസു (എസ്‌വി എൽപി സ്കൂൾ, തൃപ്പൂണിത്തുറ), യുപിയിൽ സീന വർഗീസ്‌ (ഗവ. എച്ച്‌എസ്‌എസ്‌ എളമക്കര), എച്ച്‌എസിൽ ബി ജയേഷ്‌ (ഗവ. ആർഎഫ്‌ടി എച്ച്‌എസ്‌ ആൻഡ്‌ വിഎച്ച്‌എസ്‌എസ്‌ തേവര), എച്ച്‌എസ്‌എസിൽ സി എ ഷിഹാബുദ്ദീൻ (ഗവ. എച്ച്‌എസ്‌എസ്‌ പനമ്പിള്ളിനഗർ) എന്നിവർ ക്വിസ്‌ മാസ്റ്റർമാരായി. വായിച്ചുവളർന്ന്‌
നല്ല മനുഷ്യരാകണം കൊച്ചി വായനയിലൂടെ കൂടുതൽ അറിവുനേടി നല്ല മനുഷ്യരായി വളരാൻ കുട്ടികൾക്ക്‌ കഴിയണം. അറിവും കലാവിഷ്‌കാരവും ചിന്തയുമാണ്‌ മനുഷ്യനെ മനുഷ്യനാക്കുന്നത്‌. മാറുന്ന കാലത്ത്‌ വിഷാദമടക്കം കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ രക്ഷിതാക്കൾക്ക്‌ അവബോധമുണ്ടാകണം. അവരോട്‌ കൂടുതൽ സംസാരിക്കാനും അവരെ മനസ്സിലാക്കാനും രക്ഷിതാക്കൾ ശ്രമിക്കണം. കുട്ടികൾക്ക്‌ ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകണം. – ഐഷ സുൽത്താന   Read on deshabhimani.com

Related News