പ്രതിഷേധങ്ങൾക്ക് നിയന്ത്രണം; ഇൻ ചാർജ് വൈസ് ചാൻസലറുടെ തീരുമാനം ജനാധിപത്യ വിരുദ്ധം: എസ്എഫ്ഐ
കോഴിക്കോട് > കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിന്റെ 200 മീറ്റർ പരിധിയിൽ പ്രതിഷേധങ്ങൾ പാടില്ല എന്ന നിർദ്ദേശം കർശനമായി നടപ്പാക്കാനുള്ള ഇൻചാർജ് വൈസ് ചാൻസലറുടെ ശ്രമത്തിനെതിരെ എസ്എഫ്ഐ കാലിക്കറ്റ് യൂണിവേഴ്സിറ്റി എഡി ബ്ലോക്കിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എസ്എഫ്ഐ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘട്ടിപ്പിച്ച മാർച്ച് വൈകീട്ട് 3.30 ന് സ്റ്റുഡന്റസ് ട്രാപ്പിൽ വച്ച് ആരംഭിച്ചു. എസ് എഫ് ഐ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് കെ ജെ ഹരിരാമൻ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം മലപ്പുറം ജില്ലാ സെക്രട്ടറി എൻ ആദിൽ ഉദ്ഘാടനം ചെയ്തു. ഇത്തരത്തിൽ വിദ്യാർത്ഥികളുടെ അടിസ്ഥാന ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന ഇടപെടലുകളെ ശക്തമായി ചെറുത്ത് തോൽപ്പിക്കുമെന്നും, ഇത്തരം നടപടികളിൽ നിന്നും അധികാരികൾ പിന്നോട്ട് പോകണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. എസ് എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം മുനവ്വിർ അലി പി പി, ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി ശിഹാബ്, ആക്ട് സെക്രട്ടറി ഭാരവാഹികൾ ലിജീഷ് വി എൻ, എംപ്ലോയ്‌സ് യൂണിയൻ സെക്രട്ടറി നിഖിൽ വി എസ് എന്നിവർ സംസാരിച്ചു. എസ് എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം കെ ടി അഫ്രീന നന്ദി പറഞ്ഞു. Read on deshabhimani.com