സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികാഘോഷം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും



തിരുവനന്തപുരം > സംസ്ഥാന വ്യാപകമായി സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികാഘോഷം സംഘടിപ്പിക്കും. ആഗസ്റ്റ് 15 ന് രാവിലെ 9ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്‌കൗട്ട്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും.  മുഖ്യമന്ത്രി മെഡലുകൾ വിതരണം ചെയ്യും. പരേഡിനുശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തിഗാനങ്ങൾ അവതരിപ്പിക്കും. ‌ജില്ലാ ആസ്ഥാനങ്ങളിലും രാവിലെ ഒൻപതിന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. കൊല്ലം- വി ശിവൻകുട്ടി, പത്തനംതിട്ട-  വീണാ ജോർജ്ജ്, ആലപ്പുഴ-  സജി ചെറിയാൻ, കോട്ടയം-  ജെ ചിഞ്ചുറാണി, ഇടുക്കി- റോഷി അഗസ്റ്റിൻ, എറണാകുളം- പി രാജീവ്, തൃശ്ശൂർ - ഡോ. ആർ ബിന്ദു, പാലക്കാട്-  എം ബി രാജേഷ്, മലപ്പുറം-  കെ രാജൻ, കോഴിക്കോട്-  എ കെ ശശീന്ദ്രൻ, വയനാട്-  ഒ ആര്‍ കേളു, കണ്ണൂർ- രാമചന്ദ്രൻ കടന്നപ്പള്ളി, കാസർകോഡ് - കെ കൃഷ്‌ണൻകുട്ടി എന്നിങ്ങനെയാണ് ചുമതല. സബ്ഡിവിഷണൽ/ ബ്ലോക്ക്, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ,  ഓഫീസുകൾ, സ്‌കൂളുകൾ, കോളേജുകൾ, എന്നിവിടങ്ങളിലും പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകളിൽ എല്ലാ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സർക്കാർ സർക്കുലറിൽ അറിയിച്ചു. പ്ലാസ്റ്റിക്കിൽ നിർമിച്ച ദേശീയപതാകകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഹരിതചട്ടം പാലിക്കണമെന്നും സർക്കുലറിൽ  അറിയിച്ചു. Read on deshabhimani.com

Related News