നിയമസഭയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
തിരുവനന്തപുരം > രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നിയമസഭയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിക്ക് നിയമസഭാങ്കണത്തിൽ സ്പീക്കർ എ എൻ ഷംസീർ ദേശീയപതാക ഉയർത്തുകയും വാച്ച് ആന്റ് വാർഡിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി ആർ അംബേദ്കർ, കെ ആർ നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ പുഷ്പാർച്ചന നടത്തി. വെള്ളയമ്പലം ക്രൈസ്റ്റ് നഗർ സ്കൂളിലെ വിദ്യാർഥികൾ ബാൻഡ് മേളം അവതരിപ്പിച്ചു. തുടർന്ന് ജീവനക്കാരുടെ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. Read on deshabhimani.com