ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ; കേരളത്തിന്റെ കോഡ് ​ഗ്രേ മാതൃക രാജ്യവ്യാപകമാക്കണം : ഐഎംഎ



തിരുവനന്തപുരം സംസ്ഥാന സർക്കാർ ഒരുവർഷം മുമ്പേ പ്രാവർത്തികമാക്കിയ കോഡ് ​ഗ്രേ പ്രോട്ടോകോൾ രാജ്യവ്യാപകമാക്കണമെന്ന നിർദേശവുമായി ഐഎംഎ. കൊൽക്കത്തയിൽ പിജി ഡോക്ടറെ ബലാത്സം​ഗം ചെയ്ത്‌ കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ഐഎംഐ അഖിലേന്ത്യ ഘടകം കേന്ദ്ര ആരോ​ഗ്യമന്ത്രിക്ക്‌ സമർപ്പിച്ച നിവേദനത്തിലാണ് കേരള മാതൃകയുടെ പരാമർശം. സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള സർക്കാർ തയ്യാറാക്കിയ കോഡ് ​ഗ്രേ പ്രോട്ടോകോൾ കേന്ദ്രസർക്കാർ ഓർഡിനൻസായി പുറത്തിറക്കണമെന്നാണ് ആവശ്യം. സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി തലംമുതൽ സംസ്ഥാനതലംവരെ വിവിധ കമ്മിറ്റികൾ രൂപീകരിക്കുന്നതാണ്‌ നടപടി. ആശുപത്രിതലത്തിൽ കലക്ടർ അധ്യക്ഷനായ കോഡ് ഗ്രേ സമിതിയിൽ പ്രിൻസിപ്പൽ, സൂപ്രണ്ട്, ആർഎംഒ, പിജി, ഹൗസ് സർജൻ പ്രതിനിധികൾ എന്നിവരുണ്ടാകും. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കൃത്യമായ ഇടവേളകളിൽ മോക് ഡ്രിൽ സംഘടിപ്പിക്കും. വാക്കി ടോക്കി, അലാറം എന്നിവ നിർബന്ധമായും സ്ഥാപിക്കണം. പ്രധാനയിടങ്ങളിൽ സിസിടിവി ഉറപ്പാക്കണം. ആശുപത്രി, ജീവനക്കാർ, രോഗികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകൂട്ടി ചെയ്യേണ്ട പ്രവർത്തനങ്ങൾ, അതിക്രമം ഉണ്ടായാൽ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടിക്രമങ്ങൾ, റിപ്പോർട്ടിങ്, തുടർപ്രവർത്തനങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് പ്രോട്ടോകോൾ. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്‌പേസ് ഓഡിറ്റും ആരോ​ഗ്യവകുപ്പ് നടത്തുന്നുണ്ട്. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് കേരളത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്‌കരിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.  ഇത് ആരോഗ്യപ്രവർത്തകർക്ക് മനോധൈര്യത്തോടെ  ജോലി ചെയ്യാൻ അന്തരീക്ഷമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News