റെയിൽവേ ഹിതപരിശോധന : പങ്കാളികളാകുന്നത് 12 ലക്ഷം ജീവനക്കാർ
തിരുവനന്തപുരം ഡിസംബർ നാലുമുതൽ ആറുവരെ നടക്കുന്ന റെയിൽവേ അംഗീകൃത യൂണിയനായുള്ള ഹിതപരിശോധനയിൽ (റഫറണ്ടം) 12 ലക്ഷം ജീവനക്കാർ പങ്കാളികളാകും. മൊത്തം വോട്ടിന്റെ 30 ശതമാനം ലഭിക്കുന്ന യൂണിയനാണ് അംഗീകാരം ലഭിക്കുക. ഇത് ഒരു യൂണിയനും ലഭിക്കുന്നില്ലെങ്കിൽ പോൾചെയ്‌ത വോട്ടിന്റെ 35 ശതമാനം ലഭിക്കുന്ന യൂണിയനുകളും അതുമല്ലെങ്കിൽ 20 ശതമാനം വോട്ട് ലഭിക്കുന്ന യൂണിയനും അംഗീകാരം നൽകും. 20 ശതമാനം വോട്ട് ലഭിക്കുന്ന ഒന്നിലധികം യൂണിയനുകൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാകും അംഗീകൃത യൂണിയനെ തെരഞ്ഞെടുക്കുക. ഇത്തവണ 15 ശതമാനം വോട്ട് ലഭിക്കുന്ന യൂണിയനുകൾക്ക് നോട്ടീസ് ബോർഡ് സ്ഥാപിക്കാനും ജോലിക്കിടയിലെ ഇടവേളയിൽ യോഗം ചേരാനും അനുമതി ലഭിക്കും. സോൺ അടിസ്ഥാനത്തിലാണ് ഹിതപരിശോധന. രാജ്യത്ത് 17 റെയിൽവേ സോണുകളാണുള്ളത്. സിഐടിയു ആഭിമുഖ്യത്തിലുള്ള ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയനാണ് പ്രചാരണത്തിൽ മുന്നിൽ. മോദി ഭരണത്തിൽ റെയിൽവേ സ്വകാര്യവൽക്കരണം ദ്രുതഗതിയിൽ നടക്കുന്നതും ആസ്‌തിവിൽപ്പനയും ജീവനക്കാരുടെ പ്രശ്‌നങ്ങളും ഉന്നയിച്ചാണ് പ്രചാരണം. ‘നക്ഷത്രം’ അടയാളത്തിലാണ് വോട്ട് തേടുന്നത്. ഡിആർഇയുവിന് ആർഎൽഎൽഎഫ്, ബിആർഇഎസ്, എഐആർടിയു എന്നീ സംഘടനകളുടെ പിന്തുണയുണ്ട്. ഹിതപരിശോധനയിൽ ഡിആർഇയുവിന് വോട്ട് രേഖപ്പെടുത്തണമെന്ന് മുൻ റെയിൽവേ ഉദ്യോഗസ്ഥരും പ്രമുഖ എഴുത്തുകാരുമായ വൈശാഖനും ടി ഡി രാമകൃഷ്‌ണനും അഭ്യർഥിച്ചു. റെയിൽവേ തൊഴിലാളികളുടെ ഭാവി എന്തായിരിക്കണമെന്ന ഹിതപരിശോധനയാണ് ഇതെന്നും അവർ പറഞ്ഞു. Read on deshabhimani.com