ഇതും അങ്ങ് മിന്നിച്ചേക്കണേ...
തിരുവനന്തപുരം > അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂളിലെ പരീക്ഷ ഹാളിൽ നിറചിരിയുമായി ഒരാൾ വന്നിരുന്നു. രജിസ്റ്റർ നമ്പർ 484309. കൗതുകത്തോടെ നോക്കിയ, കുശലംചോദിച്ച സഹപരീക്ഷാർഥികളെ നെഞ്ചിൽകെെവച്ച് അഭിവാദ്യംചെയ്യുമ്പോൾ ചുറ്റും ഫ്‌ളാഷുകൾ കൺതുറന്നു. ടെൻഷനുണ്ടോയെന്ന ചോദ്യത്തിന് ചിരിയോടെയായിരുന്നു പ്രിയനടൻ ഇന്ദ്രൻസിന്റെ മറുപടി. "ഒരാഴ്ചയായി പഠിത്തം തുടങ്ങിയിട്ട്. ആ പ്രതീക്ഷയിലാണ് വന്നത്. മലയാളമല്ലാതെ മറ്റ് ഭാഷകളിൽ പരീക്ഷയെഴുതുന്നതിലായിരുന്നു പേടി'. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ഏഴാം ക്ലാസ് തുല്യതാപരീക്ഷയെഴുതുകയാണ് ഇന്ദ്രൻസ്. പരീക്ഷ കഴിഞ്ഞപ്പോൾ തികഞ്ഞ ആത്മവിശ്വാസം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി പരീക്ഷകളാണ് ശനിയാഴ്ച എഴുതിയത്. പത്താം ക്ലാസ് പാസാകണമെന്ന ആഗ്രഹത്തോടെ കഴിഞ്ഞ വർഷമാണ് ഇന്ദ്രൻസ് സാക്ഷരതാ മിഷന്റെ ഭാഗമായി പഠനം ആരംഭിച്ചത്. ജീവിതപ്രയാസം കാരണം നാലാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന അദ്ദേഹത്തിന് പിന്നീട് തയ്യൽക്കടയിൽ ജോലി ചെയ്യേണ്ടിവന്നു. സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയെങ്കിലും ഒരിക്കലും പഠനം പുനരാരംഭിക്കുന്ന കാര്യം ആലോചിച്ചതേയില്ല. മെഡിക്കൽ കോളേജ് ഹൈസ്കൂളിലായിരുന്നു തുല്യതാ ക്ലാസ്. തിരക്കിനിടെയും ഈ അറുപത്തിയെട്ടുകാരൻ പരമാവധി ക്ലാസുകളിൽ പങ്കെടുത്തു. പരീക്ഷ കഴിഞ്ഞിറങ്ങിയ ഇന്ദ്രൻസിനെ ജില്ലാ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് ഡി സുരേഷ്‌കുമാർ പൊന്നാട അണിയിച്ചു. മലയാളികൾക്കാകെ പ്രചോദനമായ ഇന്ദ്രൻസിനെ സാക്ഷരതാ മിഷന്റെ ബ്രാൻഡ് അംബാസിഡറാക്കാനുള്ള കാര്യവും പരിഗണനയിലാണ്. സംസ്ഥാനത്ത് 3161 പേരാണ് ശനിയാഴ്ച ഏഴാംതരം തുല്യതാപരീക്ഷയെഴുതിയത്. ഞായറാഴ്ച സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലാണ് പരീക്ഷ. നാലാംതരം തുല്യത 16–--ാം ബാച്ചിന്റെ പരീക്ഷയും ഞായറാഴ്ചയാണ്. Read on deshabhimani.com