പാലക്കാട് വ്യവസായ ഇടനാഴി ; കേരളം നടപടി പൂർത്തിയാക്കിയത് റെക്കോഡ് വേഗത്തിൽ
തിരുവനന്തപുരം കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള നടപടികൾ കേരളം പൂർത്തിയാക്കിയത് റെക്കോഡ് വേഗത്തിൽ. പത്തു മാസംകൊണ്ടാണ് ആവശ്യമുള്ളതിന്റെ 80 ശതമാനത്തിലധികം ഭൂമി ഏറ്റെടുത്തത്. ഇതിന്റെ പൂർണ ചെലവും സംസ്ഥാന സർക്കാരാണ് എടുത്തത്. കിഫ്‌ബി വഴി 1389.35 കോടി രൂപ സംസ്ഥാനം ഇതുവരെ ചെലവിട്ടു. നടപടി ക്രമം പൂർത്തിയാക്കിയിട്ടും ഒന്നര വർഷത്തിലധികം കേന്ദ്രാനുമതിക്കായി കാത്തിരിക്കേണ്ടി വന്നു. രാജ്യത്താകെ ആറ് ഇടനാഴികളിലായി 12 വ്യവസായ ക്ലസ്റ്ററുകൾക്കാണ് അനുമതി നൽകിയത്. ഏറ്റവും വേഗത്തിൽ ഭൂമിയേറ്റെടുത്തത് കേരളത്തിലാണ്. ഇതിന് കേന്ദ്രം കേരളത്തെ അഭിനന്ദിക്കുകയും ചെയ്തു. നാഷണൽ ഇന്റസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് ബോർഡ് 2022 ഡിസംബർ 14നാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. രണ്ടാം മോദി സർക്കാരിന്റെ കാലത്തുതന്നെ അനുമതിക്കായി കേരളം കേന്ദ്രത്തെ സമീപിച്ചിരുന്നു. പുതിയ സർക്കാർ വന്നശേഷം പ്രധാനമന്ത്രിയെയും കേന്ദ്ര വ്യവസായ മന്ത്രിയെയും വീണ്ടുംകണ്ട് ആവശ്യം ഉന്നയിച്ചു. കേന്ദ്ര-, സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള വ്യവസായ ഇടനാഴി വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 3815 കോടി രൂപയാണ് ചെലവ്. ഇതിൽ 1,789 കോടി രൂപവീതം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചെലവിടും. പിഎം ഗതിശക്തിയുടെ ഭാഗമായി കണക്ടിവിറ്റിക്കായി 235 കോടി ചെലവാക്കും. സംസ്ഥാനം ചെലവിടേണ്ട തുക ഏതാണ്ട് പൂർണമായി ചെലവഴിച്ചു. വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗ്ലോബൽ സിറ്റിക്ക് കേന്ദ്രാനുമതി കാത്തിരിക്കുകയാണ്. ഗിഫ്‌റ്റ് സിറ്റി എന്ന പേരിൽ 358 ഏക്കറാണ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഇതിനായി 850 കോടിയുടെ പദ്ധതിക്ക് കിഫ്‌ബി അനുമതി നൽകി. ഭൂമിയേറ്റെടുക്കൽ ആരംഭിച്ചപ്പോൾ പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്രം നിർദേശിച്ചു. തുടർന്ന് ഗ്ലോബൽ സിറ്റി എന്ന് പേരുമാറ്റിയെങ്കിലും പദ്ധതി തൽക്കാലം നിർത്തിവയ്‌ക്കാൻ ആവശ്യപ്പെടുകയായിരുന്നു. Read on deshabhimani.com