നവജാതശിശുവിന്റെ വൈകല്യം; വിദഗ്‌ദ്ധ സംഘം തെളിവെടുത്തു
വണ്ടാനം അസാധാരണ വൈകല്യത്തോടെ ജനിച്ച ശിശുവിന്റെ മാതാപിതാക്കൾ ചികിത്സാപിഴവ് ആരോപിച്ച് നൽകിയ പരാതിയിൽ വിദഗ്‌ധ മെഡിക്കല്‍ സംഘം തെളിവെടുപ്പ് നടത്തി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളി രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ചികിത്സയില്‍ കഴിയുന്ന ശിശുവിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു. തുടർചികിത്സയും മറ്റ് പരിശോധനകളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ നടത്തും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി. മാതാപിതാക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് സംഘം മടങ്ങിയത്. ആലപ്പുഴ നവറോജി പുരയിടത്തില്‍ സുറുമിയ്‌ക്കാണ് ഗുരുതര ശാരീരിക വൈകല്യങ്ങളോടെ ശിശു ജനിച്ചത്. ഗര്‍ഭസ്ഥാവസ്ഥയില്‍ ആലപ്പുഴ സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഇവിടെയുള്ള ഡോക്ടറുടെ വീട്ടിലുമാണ് സുറുമി ചികിത്സ തേടിയത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം പലതവണ സ്കാനിങ്ങിനും വിധേയയായി. സ്‌കാനിങ് റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടർ ഗർഭസ്ഥ ശിശുവിന് കുഴപ്പമൊന്നും ഇല്ലെന്നാണ് മാതാപിതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രസവശേഷമാണ് ശിശുവിന് ഗുരുതര അംഗപരിമിതികള്‍ ഉള്ളതായി അറിയുന്നത്. ചികിത്സിച്ച ഡോക്ടർക്കും സ്‌കാനിങ് നടത്തിയ സ്വകാര്യ ലാബിനും വീഴ്ച വന്നതായി ആരോപിച്ചാണ് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നല്‍കിയത്. Read on deshabhimani.com