ഇൻഫോപാർക്ക്‌ കുതിക്കുന്നു ; ഐടി കയറ്റുമതിയിൽ 24.28 ശതമാനം വർധന



കൊച്ചി ഇൻഫോപാർക്കിൽനിന്നുള്ള ഐടി കയറ്റുമതിയിൽ 2023-–-24 സാമ്പത്തികവർഷം 24.28 ശതമാനം വർധന. കയറ്റുമതിവരുമാനം 11,417 കോടി രൂപയിലെത്തി. 2020-–-21ൽ 6310 കോടി, 2021–--22ൽ 8500 കോടി, 2022–--23ൽ 9186 കോടി എന്നിങ്ങനെയായിരുന്നു വരുമാനം. 2016-–-17 സാമ്പത്തികവർഷം 3000 കോടിയായിരുന്നു ഇൻഫോപാർക്കിൽനിന്നുള്ള ഐടി ഉൽപ്പന്ന കയറ്റുമതിയുടെ മൂല്യം. അന്ന് 328 കമ്പനികളും 32,800 ജീവനക്കാരും 70 ലക്ഷം ബിൽട്ട്‌അപ് സ്‌പേസുമാണ്‌ ഉണ്ടായിരുന്നത്. എന്നാൽ, എട്ടുവർഷത്തിനിപ്പുറം 582 കമ്പനികളിലായി 70,000ത്തോളം ജീവനക്കാരും 92.62 ലക്ഷം ചതുരശ്രയടി ബിൽട്ട്അപ് സ്‌പേസുമാണുള്ളത്. കോവിഡ് പ്രതിസന്ധിയിൽ ലോകമെമ്പാടും യുദ്ധകാലാടിസ്ഥാനത്തിൽ നടന്ന ഡിജിറ്റലൈസേഷൻ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ഇൻഫോപാർക്കിലെ കമ്പനികൾക്കായെന്ന്‌ സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. ഇതുമൂലം കമ്പനികളിൽ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. നൂതന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ കമ്പനികൾ പരമാവധി പരിശ്രമിച്ചു. മാറുന്ന സാങ്കേതികവിദ്യയ്ക്കനുസരിച്ച് ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനും അവസരത്തിനൊത്തുയരുന്നതിനും ഐടി മേഖല കാണിച്ച താൽപ്പര്യം നേട്ടത്തിനു പിന്നിലുണ്ടെന്നും സുശാന്ത് പറഞ്ഞു. 582 കമ്പനികൾ; 69,300 ജീവനക്കാർ നവംബറിൽ 20–-ാം പിറന്നാൾമധുരം നുകരുന്ന ഇൻഫോപാർക്ക്‌, മികവിലും നേട്ടങ്ങളിലും കേരളത്തിന്‌ അഭിമാനമാവുകയാണ്‌. കാക്കനാടുള്ള ഇൻഫോപാർക്ക് ഫേസ് ഒന്ന്, രണ്ട് എന്നിവ കൂടാതെ കൊരട്ടിയിലും ചേർത്തലയിലും ക്യാമ്പസുണ്ട്. 87.46 ലക്ഷം ചതുരശ്രയടി സ്ഥലമാണ് ഇൻഫോപാർക്ക് ഫേസ് ഒന്നിലും രണ്ടിലുമായുള്ളത്. 67,000ന്‌ അടുത്ത്‌ ഐടി ജീവനക്കാരുണ്ട്‌. 503 കമ്പനികളും. കൊരട്ടി ക്യാമ്പസിൽ 58 കമ്പനികളും 2000ൽപ്പരം ജീവനക്കാരുമുണ്ട്‌. ചേർത്തലയിൽ 21 കമ്പനികളും 300ൽപ്പരം ജീവനക്കാരുമുണ്ട്. Read on deshabhimani.com

Related News