ഇൻഫോപാർക്ക് @ 20 ; ലക്ഷ്യം ഒരുലക്ഷം തൊഴിൽ
കൊച്ചി ഒരുലക്ഷത്തിലധികം തൊഴിൽ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ ഐടി ലോകത്തെ ഉയരങ്ങൾ കീഴടക്കി ഇൻഫോപാർക്ക് 20–-ാംവയസ്സിലേക്ക്. 70,000 ഐടി പ്രൊഫഷണലുകളാണ് ഇൻഫോപാർക്കിലെ 582 കമ്പനികളിലായി ജോലി ചെയ്യുന്നത്. 2004ൽ കാക്കനാട്ട് 260 ഏക്കറിൽ പ്രവർത്തനം ആരംഭിച്ച ഇൻഫോപാർക്കിന്റെ 20–-ാം പിറന്നാൾ നവംബറിലാണ്. കൊരട്ടിയിലും ചേർത്തലയിലും സാറ്റ്‌ലൈറ്റ് ക്യാമ്പസടക്കം 92 ലക്ഷം ചതുരശ്രയടിയിലാണ് ഇപ്പോൾ ഇൻഫോപാർക്കിന്റെ പ്രവർത്തനം. കഴിഞ്ഞ സാമ്പത്തികവർഷം (2022–-23) സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലൂടെ 9186 കോടി രൂപ നേടാനായി. കയറ്റുമതി വരുമാനത്തിൽ 2190 കോടിയുടെ വർധന കൈവരിച്ചു. 35 ശതമാനം വളർച്ച. 2020–-21 സാമ്പത്തികവർഷം കയറ്റുമതിയിലൂടെ 6310 കോടി നേടിയിരുന്നു. 15 ലക്ഷം ചതുരശ്രയടി ഐടി ഇടമാണ് ഇൻഫോപാർക്കിൽ കമ്പനികൾക്കായി ഒരുങ്ങുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം (2021 മെയ്‌മുതൽ 2022 സെപ്‌തംബർവരെ) 13,900 തൊഴിലവസരം അധികമായി സൃഷ്‌ടിച്ചു. 177 പുതിയ കമ്പനികൾ പ്രവർത്തനം ആരംഭിച്ചു. ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ഐബിഎസ് സോഫ്‌റ്റ്‌വെയർ സർവീസസ്, മാരി ആപ്പ്‌സ് തുടങ്ങിയ ബഹുരാഷ്‌ട്ര ഐടി കമ്പനികൾ ഇൻഫോപാർക്കിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. ഐബിഎം സോഫ്റ്റ്‌വെയർ ലാബ് 2022 സെപ്‌തംബർ 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തത്. കാസ്‌പിയൻ ടെക്‌പാർക്കിന്റെ കെട്ടിടനിർമാണം പൂർത്തിയായി. യുഎസ്‌ടി ഗ്ലോബലിന്റെയും ബ്രിഗേഡ് ഗ്രൂപ്പിന്റെയും കെട്ടിടനിർമാണം ആരംഭിച്ചു. ബഹുരാഷ്‌ട്ര കമ്പനികൾക്ക് കോ–-വർക്കിങ് സ്‌പേസ് കേരളത്തിൽ സ്വന്തമായി ഓഫീസ് കെട്ടിടമില്ലാത്ത ബഹുരാഷ്‌ട്ര കമ്പനികൾക്കും ഇൻഫോപാർക്ക് ഇടമൊരുക്കുകയാണ്. എറണാകുളം സൗത്ത് മെട്രോ സ്‌റ്റേഷൻ കെട്ടിടത്തിൽ കോ–-വർക്കിങ് സ്‌പേസ് മാതൃകയിലാണ് ഓഫീസ് സൗകര്യം ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ ഉദ്ദേശം 450 കമ്പനി പ്രതിനിധികൾക്ക് ജോലി ചെയ്യാം. 45,000 ചതുരശ്രയടിയിൽ ഓഫീസും അതിവേഗ ഇന്റർനെറ്റ് സൗകര്യവും ലഭിക്കും. കോ–-വർക്കിങ് സ്‌പേസിന്റെ ഇന്റീരിയർ ജോലികൾ നടക്കുകയാണ്. 11 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. Read on deshabhimani.com