ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും; മുഖ്യമന്ത്രി
കാസർകോട് > ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിലെ സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 15,000 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക. സംസ്ഥാനത്തെ 10,000 ലൈബ്രറികളാണ് ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. കാസർകോട് വിദ്യാനഗർ ഉദയഗിരിയിൽ കേരള ലൈബ്രറി കൗൺസിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായിക്കുന്ന മനുഷ്യൻ ചിന്തിക്കുന്നവനാകും. ചിന്തിക്കുന്നവർ ലോകത്തെ കൂടുതൽ സുന്ദരമാക്കാൻ ശ്രമിക്കും. ഗ്രാമങ്ങളിലെ ബാല വേദികൾ, ലൈബ്രറികളിലെ എഴുത്ത് പെട്ടികൾ, ഹൈസ്കൂൾ വിദ്യാർഥികൾക്ക് വായനോത്സവം, ചിൽഡ്രൻസ് ഹോം ലൈബ്രറി സർവീസ്, ജയിൽ ലൈബ്രറികൾ തുടങ്ങി വിവിധ മേഖലകളിലായി വായനയും പുസ്തകങ്ങളും എത്തിക്കുന്ന ഗ്രന്ഥശാല സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ലൈബ്രറികൾ കേവലം പുസ്തകങ്ങളുടെ സൂക്ഷിപ്പ്, വിതരണ കേന്ദ്രങ്ങൾ മാത്രമല്ല ഒരു സർവ്വകലാശാലയുടെ റോൾ കൂടി അവയ്ക്കുണ്ട്. മുൻകാലങ്ങളിൽ സമൂഹം പുസ്തകങ്ങളിലൂടെയാണ് ലോക വീക്ഷണം നടത്തിയിരുന്നത്. സർവ്വ കലാശാലകളിലെ പുസ്‌തകങ്ങൾ എല്ലാം സർക്കാർ ഡിജിറ്റൽ രൂപത്തിലാക്കി കഴിഞ്ഞു. ഈ പുസ്തകങ്ങൾ പൊതു ജനങ്ങൾക്കും ലഭ്യമാക്കുന്നതിന് ഗ്രന്ഥശാല സംഘം മുൻകൈയെടുക്കണം വിജ്ഞാനം സാമൂഹിക മാറ്റത്തിന് എന്ന ആശയവുമായി വിജ്ഞാനത്തിൻ്റെ ജനാധിപത്യവത്ക്കരണത്തിന് മുന്നിട്ടിറങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിക്കാൻ പുസ്തകങ്ങൾ നൽകുന്ന വെളിച്ചം പടവാളാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വായന വളർത്തുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയും പുലർത്തുന്ന ഗ്രന്ഥശാല സംഘം കോവിഡ് കാലത്തും പ്രളയ കാലത്തുമായി 4.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. മുണ്ടക്കൈയിലും ചൂരൽമലയിലും ദുരന്ത മുണ്ടായപ്പോൾ 14 വീടുകളും ഒരു ലൈബ്രറിയും നിർമ്മിച്ച് നൽകുമെന്ന് അറിയിക്കുകയും ഒരു കോടി രൂപ കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com