ശോഭ സുരേന്ദ്രന്‌ പിറകെ പി എം വേലായുധനും ; പരസ്യപോരിലേക്ക്‌ ബിജെപി നേതാക്കൾ



പരസ്യ പ്രസ്‌താവനകളുമായി  നേതാക്കൾ രംഗത്തെത്തിയതോടെ ബിജെപിയിലെ ആഭ്യന്തരകലാപം പൊട്ടിത്തെറിയിലേക്ക്.  നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്ത്‌ വന്ന സംസ്ഥാന വൈസ്‌ പ്രസിഡന്റ് ശോഭ സുരേന്ദ്രന്‌ പിറകെ മുതിർന്ന നേതാവ്‌ പി എം വേലായുധനും രംഗത്ത്‌ എത്തി.  ശോഭസുരേന്ദ്രൻ ഉന്നയിച്ച കാര്യങ്ങൾ  ചർച്ച ചെയ്യുമെന്ന്‌ പറഞ്ഞ്‌ എ എൻ രാധാകൃഷ്‌ണൻ പിന്തുണയും നൽകി. കൃഷ്‌ണദാസ്‌പക്ഷത്തെ സജീവമാക്കാനാണ്‌ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ ശ്രമം‌.  ശോഭ സുരേന്ദ്രൻ  കേന്ദ്രനേതൃത്വത്തിന്‌ പരാതി നൽകിയിട്ടുണ്ടാവില്ലെന്ന  പ്രസ്‌താവനയുമായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്ത്‌ വന്നതോടെ ആഭ്യന്തരകലഹം പരസ്യപോരിലെത്തി. വരുംദിവസങ്ങളിൽ  കൂടുതൽ നേതാക്കൾ നേതൃത്വത്തിനെതിരെ തിരിയും.  കെ പി  ശ്രീശൻ, എൻ ശിവരാജൻ, ബി ഗോപാലകൃഷ്‌ണൻ, ബി രാധാകൃഷ്‌ണമേനോൻ,  രവീശതന്ത്രി,  ജെ ആർ പത്മകുമാർ തുടങ്ങി  മുൻകാല ഭാരവാഹികളും നേതാക്കളും‌ പരസ്യ പ്രതികരണത്തിന്‌‌ തയ്യാറെടുക്കുകയാണ്‌‌. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാലക്കാട്‌ ഉൾപ്പെടെ പല ജില്ലകളിലും പ്രശ്‌നം രൂക്ഷമാകും. കേരള നേതൃത്വത്തിനെതിരെ വ്യാപക പരാതികളാണ്‌ കേന്ദ്ര നേതൃത്വത്തിന്‌ ലഭിച്ചിരിക്കുന്നത്‌. ‌ ഒ രാജഗോപാൽ അടക്കം പലരും ഇപ്പോഴത്തെ നേതൃത്വത്തിന്റെ  പോക്കിൽ അതൃപ്‌തരാണ്‌. Read on deshabhimani.com

Related News