വേറിട്ട ദീപാവലിയുമായി
ജൈന സമൂഹം



മട്ടാഞ്ചേരി ദീപങ്ങൾ തെളിക്കില്ല. പടക്കങ്ങൾ പൊട്ടിക്കില്ല. സമൂഹപ്രാർഥനയോടെയുള്ള ആചാരാനുഷ്‌ഠാനങ്ങളുമായി ദീപാവലി ആഘോഷിക്കുകയാണ് മട്ടാഞ്ചേരിയിലെ ജൈന സമൂഹത്തിലെ സ്ഥാനക്‌ വാസി വിഭാഗക്കാർ. കൊച്ചി ഗുജറാത്തി റോഡിലെ സ്വേതാംബർ മുർത്തി പൂജക് ജൈന ക്ഷേത്രവളപ്പിലെ വിളക്കില്ലായമ്പലം എന്നറിയപ്പെടുന്ന സ്ഥാനക് വാസി ധർമനാഥ്ജി ക്ഷേത്രസമുച്ചയത്തിലാണ് വേറിട്ട ദീപാവലിയാഘോഷം. ക്ഷേത്രവളപ്പിലെ ജൈന സമൂഹമായ ധൈരാവാസി വിഭാഗം ക്ഷേത്രത്തിൽ ചെരാത്‌ തെളിച്ചും പടക്കം പൊട്ടിച്ചും ദീപാവലിയാഘോഷിക്കുമ്പോഴാണ് മതിലിനിപ്പുറം വേറിട്ട ആഘോഷം നടക്കുക. ദീപാവലിനാളിൽ പുതുവസ്ത്രങ്ങളണിഞ്ഞ് രാവിലെ ക്ഷേത്രത്തിലെത്തുന്നവർക്ക് മതഗ്രന്ഥമായ കൽപ്പസൂത്ര പാരായണമാണ് പ്രധാനം. തുടർന്ന് പരസ്പരം സാൽ മുബരക്ക് പറഞ്ഞ് ദീപാവലി ആശംസ നേരും.127 വർഷം പഴക്കമുണ്ട്‌ ക്ഷേത്രത്തിന്‌. വിളക്ക് തെളിച്ചാൽ പ്രാണികൾ അതിലാകർഷിച്ച് മരിക്കുമെന്നും പടക്കങ്ങൾ ചെറുപ്രാണികൾക്ക് ജീവഹാനിയുണ്ടാക്കുമെന്ന വിശ്വാസത്താലാണ്‌ ദീപം തെളിക്കാതെയും പടക്കംപൊട്ടിക്കാതെയും ദീപാവലി ആഘോഷിക്കുന്നതെന്ന്‌ മുതിർന്നവർ പറയുന്നു. നിത്യാരാധനയ്ക്കും ക്ഷേത്രത്തിൽ ഇവർ വിളക്ക് തെളിക്കാറില്ല. പ്രത്യേക വിഗ്രഹങ്ങളോ രൂപങ്ങളുമില്ലാതെ വായ തുണികൊണ്ട് മറച്ച് മന്ത്രങ്ങളും ജപങ്ങളുമായാണ് ഇവരുടെ പ്രാർഥന രീതി. 400 ജൈന സമൂഹ ഭവനങ്ങളിൽ നൂറോളം വീട്ടുകാർ സ്ഥാനക് വാസി വിഭാഗക്കാരാണ്‌. Read on deshabhimani.com

Related News