ആ ഉറപ്പും പാലിച്ചു; ഇപ്പോള്‍ ജനകീയ ഹോട്ടല്‍ ആയിരമാണ്
കല്‍പ്പറ്റ > എല്‍ഡിഎഫ് സര്‍ക്കാരിന്റെ മറ്റൊരു വാഗ്ദാനംകൂടി പൂര്‍ത്തിയായി. 20 രൂപക്ക് ഊണ് നല്‍കുന്ന ആയിരം ജനകീയ ഹോട്ടലുകള്‍ തുറക്കുമെന്ന ഉറപ്പും പാലിച്ചു. സംസ്ഥാനത്തെ ആയിരാമത് ഹോട്ടല്‍ വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തിലാണ് തുറന്നത്. ജില്ലയിലെ 27--ാമത്തെ ഹോട്ടലാണിത്. 2020ലെ ബജറ്റിലാണ് 20 രൂപക്ക് ഭക്ഷണം നല്‍കുന്ന 1000 ജനകീയ ഹോട്ടല്‍ എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഒരുവര്‍ഷംകൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കി. കുടുംബശ്രീ വഴിയുള്ള ഈ സംരംഭത്തിലൂടെ ആറായിരത്തോളം പേര്‍ക്ക് തൊഴിലും കുറഞ്ഞവിലയില്‍ ഭക്ഷണവും നല്‍കാനായി. നിര്‍ധനര്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കി. ജനകീയ ഹോട്ടലുകളുടെ ശൃംഖലതന്നെ ഒരുക്കി ആരും വിശന്നിരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുകയായിരുന്നു. പുതിയൊരു ജനകീയ സംസ്‌കാരത്തിനുകൂടിയാണ് ഇതിലൂടെ തുടക്കമിട്ടത്. സംസ്ഥാനത്താകെ ഒരുലക്ഷത്തോളം പേരാണ് നിത്യേന 20 രൂപയുടെ ഉച്ചഭക്ഷണം കഴിക്കുന്നത്. പഞ്ചായത്തുകളും നഗരസഭകളും സഹായവും പിന്തുണയുമായി കുടംബശ്രീക്കൊപ്പംനിന്നു. കിലോ 10.90 രൂപക്ക് സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കടകള്‍വഴി അരി നല്‍കിയാണ് ജനകീയ ഊണ്‍ സംരംഭം വിജയിപ്പിച്ചത്. വയനാട്ടില്‍ ഒരുപടികൂടി കടന്ന് പദ്ധതി മുന്നേറുകയാണ്--തോട്ടം മേഖലയില്‍ 10 രൂപക്ക് കഞ്ഞി നല്‍കാനൊരുങ്ങുകയാണ്. കഞ്ഞി ഒന്നിന് 10 രൂപവീതം സര്‍ക്കാര്‍ കുടുംബശ്രീക്ക് സബ്സിഡി നല്‍കും. കോവിഡ് വെല്ലുവിളിക്കിടയിലാണ് ജനകീയ ഹോട്ടലുകളൊരുക്കിയതെന്നതും പ്രത്യേകതയാണ്. Read on deshabhimani.com