​ഗാന്ധിയെ മൂലയ്ക്കൊതുക്കി, നെഹ്റുവിന് ഇടമില്ല; സവർക്കർ പ്രധാനി: ജനം ടിവിയുടെ സ്വാതന്ത്ര്യദിന പോസ്റ്ററിനെതിരെ വിമർശനം

ജനം ടിവി പങ്കുവച്ച പോസ്റ്റർ


തിരുവനന്തപുരം > ​ഗാന്ധിയെ മൂലയ്ക്കൊതുക്കിയും നെഹ്റുവിനെ ഒഴിവാക്കിയും ജനം ടിവിയുടെ സ്വാതന്ത്ര്യദിന പോസ്റ്റർ. സ്വാതന്ത്യ സമര സേനാനികളുടെ ചിത്രം ഉൾപ്പെടുത്തി സഹിച്ചു നേടിയതല്ല, പിടിച്ചു വാങ്ങിയതാണ് സ്വാതന്ത്ര്യം എന്ന കാപ്ഷനോടെ പങ്കുവച്ച പോസ്റ്ററാണ് വിവാദമായത്. പോസ്റ്ററിൽ ​ഗാന്ധിജിയുടെ ചിത്രം വളരെ ചെറുതായി പോസ്റ്ററിന്റെ ഒരു ഭാ​ഗത്താണ് നൽകിയിരിക്കുന്നത്. പെട്ടെന്ന് കണ്ണിൽപ്പെടാത്ത രീതിയിലാണ് ​ഗാന്ധിജിയുടെ ചിത്രം വച്ചതെങ്കിൽ നെഹ്റുവിനെ പൂർണമായി ഒഴിവാക്കുകയും ചെയ്തു. ​ഗാന്ധിയുടെ ചിത്രം ചെറുതാക്കി നൽകിയപ്പോൾ ​ഗാന്ധി വധക്കേസിൽ പ്രതിയായിരുന്ന വി ഡി സവർക്കറെ ​ഗാന്ധിജിയുടെ തൊട്ടുപിന്നിൽ പ്രാധാന്യത്തോടെ വലുതാക്കി നൽകുകയും ചെയതു. ലാൽ ബഹദൂർ ശാസ്ത്രി, അരുണ ആസഫ് അലി അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളെയും പോസ്റ്ററിൽ നിന്ന് ഒഴിവാക്കി. സോഷ്യൽ മീഡിയയിൽ ജനം ടിവി ആദ്യം പങ്കുവച്ച പോസ്റ്ററിൽ ​ഗാന്ധിജിയുടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടുന്നതായി ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. തലയ്ക്ക് നേരെ തോക്ക് ചൂണ്ടുന്ന പോസ്റ്ററാണ് ആദ്യം പങ്കുവച്ചതെന്നും പിന്നീട് മാറ്റുകയായിരുന്നുവെന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരുക്കുന്നത്. ചിത്രത്തിന്റെ സ്ക്രീൻഷോട്ടുകളും പ്രചരിക്കുന്നുണ്ട്. പോസ്റ്ററിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പോസ്റ്ററിൽ ഗോഡ്‌സേയെ വിട്ടുപോയെന്നും നോട്ടപ്പിശകായിരിക്കുമെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. ജനം ടിവിക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഈ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ക്ഷീണമാണ് പോസ്റ്ററിൽ കാണുന്നതെന്നും ട്രോളുകൾ ഉയരുന്നുണ്ട്. Read on deshabhimani.com

Related News