ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ പറഞ്ഞിട്ടില്ല; 'ചന്ദ്രിക' വാര്‍ത്ത അടിസ്ഥാനരഹിതം: ജിഫ്രി തങ്ങള്‍
നാദാപുരം > തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് താന്‍ പറഞ്ഞതായയുള്ള 'ചന്ദ്രിക' വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ ചന്ദ്രിക ദിനപത്രത്തിലാണ് ലീഗ് ജയിക്കേണ്ടത് അനിവാര്യമാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞതായുള്ള വാര്‍ത്ത വന്നത്. എന്നാല്‍ വാര്‍ത്തയെ നിഷേധിച്ച് ജിഫ്രി തങ്ങള്‍ തന്നെ രംഗത്തെത്തി. നാദാപുരത്തെ പുളിയാവില്‍ ഒരു സ്വകാര്യ ആവശ്യത്തിന് വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരാണെന്ന് പരിചയപ്പെടുത്തി ചിലര്‍ തന്നെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ വിഭാഗത്തില്‍ പെട്ട ആളുകളും സമീപിക്കാറുണ്ട്. തെരഞ്ഞെടുപ്പിലെ റിബല്‍ ശല്യത്തെക്കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനമംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ സൗഹൃദ സംഭാഷണത്തിനിടയില്‍ സംസാരിച്ചത് വാര്‍ത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ല. ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനകളെയോ തോല്‍പിക്കണമെന്നോ വിജയിപ്പിക്കണമെന്നോ എന്നൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. . സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രാഷ്ട്രീയ നയം സുവിദിതവും വ്യക്തവുമാണ്. ആ നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും മുന്‍ഗാമികളായ സമസ്ത നേതൃത്വമെടുത്ത ആ നയം തുടര്‍ന്നും മുമ്പോട്ട് കൊണ്ടു പോകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. Read on deshabhimani.com