ഹാക്കർമാരെ പൂട്ടാൻ ജിയാസിന്റെ വാർറൂം

ജിയാസ്‌ ജമാൽ


കൊച്ചി ‘നിങ്ങളുടെ ഫെയ്‌സ്‌ബുക് അക്കൗണ്ട്‌ നഷ്ടമാകാതിരിക്കാൻ ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക.’ ഇത്തരം വ്യാജ സന്ദേശങ്ങളിൽ തലവച്ച്‌ സമൂഹമാധ്യമ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടവർക്ക്‌ സഹായഹസ്‌തം ഒരുക്കുകയാണ്‌ ഹൈക്കോടതി അഭിഭാഷകനും സൈബർ സുരക്ഷാ വിദഗ്‌ധനുമായ ജിയാസ്‌ ജമാൽ. സൈബർ തട്ടിപ്പുകാർക്കെതിരെ വിശ്രമമില്ലാത്ത യുദ്ധത്തിലാണ്‌ ഈ കളമശേരി സ്വദേശി. അയ്യായിരത്തിലധികം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾക്കും പേജുകൾക്കുമാണ്‌ തന്റെ സൈബർ സുരക്ഷാ പാക്കേജിലൂടെ ജിയാസ്‌ സംരക്ഷണം നൽകിയത്. ഒരുവർഷത്തേക്കുള്ള പാക്കേജിന്‌ ചെറിയ തുകയാണ്‌ വാങ്ങുന്നത്‌.   നിങ്ങളുടെ അക്കൗണ്ടുകളോ പേജോ ജിയാസിന്റെ സംഘത്തിലെ സൈബർ സുരക്ഷാവിദഗ്‌ധർ സദാ നിരീക്ഷിക്കും. അധിക്ഷേപം, മാൽവെയറുകൾ, വൈറസ് ആക്രമണം എന്നിവയിൽനിന്ന്‌ സംരക്ഷിക്കും. 25 പേർ സൈബർ പോരാട്ടസംഘത്തിലുണ്ട്‌. ഹാക്കിങ്ങിൽനിന്ന്‌ രക്ഷനേടാനുള്ള നിർദേശങ്ങൾ ഇവർ നൽകും. പാസ്‌വേർഡുകൾ സംരക്ഷിക്കാനും ജാഗ്രത പുലർത്തും. ഇതെല്ലാം മറികടന്ന്‌ ഹാക്ക്‌ ചെയ്യപ്പെട്ടാൽ അതിവേഗം വീണ്ടെടുത്തുനൽകുമെന്നും ജിയാസ്‌ പറയുന്നു. ഇതുവരെ 1500 സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്കർമാരിൽനിന്ന്‌ വീണ്ടെടുത്തു. ഇതിൽ ഇരുനൂറോളം സെലിബ്രിറ്റികളുടെ പേജുകളും അക്കൗണ്ടുകളും ഉൾപ്പെടുന്നു. മന്ത്രി കെ രാജന്റെ ഫെയ്‌സ്ബുക് പേജ് കംബോഡിയൻ ഹാക്കറിൽനിന്ന് വീണ്ടെടുത്തിരുന്നു. കൊച്ചി മേയർ എം അനിൽകുമാറിന്റെ പേജും എംഎൽഎമാരായ കെ കെ ശൈലജ, അൻവർ സാദത്ത്, നടി ലിസി തുടങ്ങിയവരുടെ പേജ്‌ തിരികെപ്പിടിച്ചതും ജിയാസാണ്‌. തട്ടിയെടുത്ത പേജുകളും അക്കൗണ്ടുകളും ചൂതാട്ട ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള നിയമവിരുദ്ധപ്രവൃത്തികളുടെ പ്രചാരണത്തിനായാണ്‌ ഹാക്കർമാർ ഉപയോഗിക്കുന്നതെന്ന്‌ ജിയാസ്‌ പറഞ്ഞു. എറണാകുളം ലോ കോളേജിൽ പഠിക്കുമ്പോഴാണ്‌ സൈബർ രംഗത്തേക്ക്‌ തിരിഞ്ഞത്‌. സൈബർ സുരക്ഷാ ഫൗണ്ടേഷൻ എന്ന എൻജിഒയുടെ സ്ഥാപകനായ ജിയാസ്, സൈബർ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടുന്ന ‘അൺലോക്ക്’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. Read on deshabhimani.com

Related News