ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി ഫണ്ടില്‍ നിന്നും 25 ലക്ഷം നല്‍കി ബ്രിട്ടാസ് എംപി
തിരുവനന്തപുരം> വയനാട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജോണ്‍ ബ്രിട്ടാസ് എംപി 25 ലക്ഷം എംപി ഫണ്ടില്‍ നിന്നും അനുവദിച്ചു. വയനാട് ദുരന്തത്തെ തീവ്ര പ്രകൃതി ക്ഷോഭമായി പ്രഖ്യാപിച്ച കേരള സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ചു കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ജോണ്‍ ബ്രിട്ടാസ് എംപി ഫണ്ടില്‍ നിന്ന് പരമാവധി തുകയായ 25 ലക്ഷം അനുവദിച്ചത്. എംപിമാരുടെ പ്രാദേശിക വികസന പദ്ധതി ഫണ്ടിന്റെ ചട്ടം 8.1 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഒരു സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തത്തെ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ലോക്‌സഭ, രാജ്യസഭ എംപി മാര്‍ക്ക് ഒരു കോടി രൂപ വരെയും, ചട്ടം 8.2 പ്രകാരം അതാത് സംസ്ഥാന സര്‍ക്കാരുകള്‍ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാല്‍ ആ സംസ്ഥാനത്തെ മാത്രം ലോക്‌സഭ, രാജ്യസഭ എംപി മാര്‍ക്ക് 25 ലക്ഷം രൂപ വരെയും ദുരന്ത ബാധിത പ്രദേശത്തെ പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനുമായി വകയിരുത്തുവാന്‍ കഴിയും. ഇതിന്‍പ്രകാരം കേരളസര്‍ക്കാര്‍ 16.08.2024 -ല്‍ വയനാട് ദുരന്തത്തെ രൂക്ഷമായ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ട് എംപി മാരുടെ പ്രാദേശിക വികസന പദ്ധതി ഫണ്ട് വിനിയോഗത്തിനുള്ള കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സംഭാവന നല്‍കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊണ്ടുള്ള കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇമ്പ്‌ലിമെന്റേഷന്‍ മന്ത്രാലയ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുടെ 05.09.2024- തീയതിയിലെ കത്ത് ഇന്നലെ കേരളത്തില്‍ നിന്നുള്ള എംപി മാര്‍ക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യ പേരുകാരനായി ജോണ്‍ ബ്രിട്ടാസ് എംപി പരമാവധി തുകയായ 25 ലക്ഷം രൂപ എംപി ഫണ്ടില്‍ നിന്നും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തി ഇന്ന് സംസ്ഥാന അതോറിറ്റിക്ക് നല്‍കി. എന്നാല്‍ ദേശീയ തലത്തില്‍ ചട്ടം 8.1 പ്രകാരം വയനാട് ദുരന്തത്തെ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഇത് വരെ കേന്ദ്രം അംഗീകരിക്കാത്തത് കാരണം രാജ്യത്തുടനീളമുള്ള ലോക്‌സഭ, രാജ്യസഭ എംപിമാര്‍ക്ക് തങ്ങളുടെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വരെ വയനാട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുവാനുള്ള അവസരമാണ് കേന്ദ്രം തടയുന്നതെന്നും ആയതിനാല്‍ എത്രയും വേഗം ദേശീയതലത്തിലും വയനാട് ദുരന്തത്തെ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. Read on deshabhimani.com