കണ്ണുകെട്ടിയാൽ യെവൻ പുപ്പുലി



വാഴൂർ > കണ്ണു മൂടിക്കെട്ടിയാൽ കോട്ടയം വാഴൂർ ടിപി പുരം രണ്ടുപ്ലാക്കൽ ജോസുകുട്ടി എൽബിൻ എന്ന ആറാം ക്ലാസുകാരൻ വേറെ ലെവലാണ്. കണ്ണുകെട്ടി സൂചിയിൽ നൂൽ കോർക്കൽ, ബോൾബാലൻസിങ്, വസ്തുക്കൾ തിരിച്ചറിയൽ, ഷൂ പെയറിങ്, കറൻസി നോട്ടുകൾ തിരിച്ചറിയൽ ഇവയെല്ലാം ജോസുകുട്ടിക്ക് അനായാസം. പക്ഷെ ഒന്നും വെറും കുട്ടികളികളല്ല, ലോകറെക്കോർഡുകൾക്കായുള്ള പൊരിഞ്ഞ പോരാട്ടങ്ങളാണ്.          ഇപ്പോൾ കോട്ടയം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് അവാർഡ് ജേതാവായി മാറുകയാണ് ഈ കൊച്ചുമിടുക്കൻ. കണ്ണുകൾ മൂടിക്കെട്ടി വേഗത്തിൽ 10 സർജിക്കൽ മാസ്‌കുകൾ ധരിച്ചാണ് റെക്കോർഡ് നേടിയത്. ഇറ്റലിക്കാരനായ റോക്കോ മെർക്കുറിയോ 2022-ൽ സ്ഥാപിച്ച 13.25 സെക്കൻഡ് നേട്ടമാണു ജോസുകുട്ടി 11.56 സെക്കൻഡിൽ തിരുത്തിയത്‌. പീരുമേട് മരിയഗിരി ഹയർസെക്കൻഡറി സ്‌കൂളിൽ ഗിന്നസ് സുനിൽ ജോസഫിന്റെ  മുഖ്യനിരീക്ഷണത്തിലായിരുന്നു പ്രകടനം.   രണ്ടു മിനിറ്റിൽ കണ്ണുകെട്ടി 42 സൂചിയിൽ നൂൽ കോർത്ത് മുമ്പ്‌ യുആർഎഫ് ലോക റെക്കോർഡും ജോസുകുട്ടി നേടിയിട്ടുണ്ട്. വെറുതെ നിന്ന് നൂല് കോർക്കുകയായിരുന്നില്ല, സ്റ്റേജിലൂടെ സ്‌കേറ്റിങ് നടത്തി പാട്ടും പാടിക്കൊണ്ടായിരുന്നു പ്രകടനം.  ടാലൻഡ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിലും ഈ മിടുക്കൻ ഇടം നേടിയിട്ടുണ്ട്. വാഴൂർ എസ്‌വി ആർവി എൻഎസ്എസ് സ്‌കൂളിലെ വിദ്യാർഥിയാണ്. എൽബിൻ, ലിജിത ദമ്പതികളുടെ മകനാണ്. കണ്ണുകെട്ടി കുറഞ്ഞ സമയത്തിനുള്ളിൽ പഴങ്ങൾ തിരിച്ചറിഞ്ഞ് റെക്കോർഡ്‌ ഇടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ജോസുകുട്ടി. Read on deshabhimani.com

Related News