കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ സത്യപ്രതിജ്‌ഞ ചെയ്‌തു
തിരുവനന്തപുരം> കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിധിൻ മധുകർ ജാംദാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ പങ്കെടുത്തു. സെപ്തബർ 21നാണ് കേന്ദ്രസർക്കാർ നിതിൻ മധുകർ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് ഉത്തരവിറക്കിയത്. ജൂലൈ 11ന് സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിക്കാതെ കേന്ദ്ര സർക്കാർ നിയമനം വൈകിപ്പിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഉദാസീനതയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ശുപാർശയിൽ മാറ്റം വരുത്തില്ലെന്നും അറിയിച്ചു. തൊട്ടുപിന്നാലെയാണ് ജസ്റ്റിസ് നിതിൻ ജാംദാർ ഉൾപ്പടെയുള്ളവരുടെ നിയമനം അംഗീകരിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. മഹാരാഷ്ട്രാ സ്വദേശിയായ ജസ്റ്റിസ് നിധിൻ മധുകർ 2023 മെയ് മുതൽ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസാണ്. സോലാപുരിൽ അഭിഭാഷക കുടുംബത്തിലാണ് ജനനം. മുംബൈ ലോ കോളേജിൽ നിയമ പഠനം. 2012ൽ ബോംബെ ഹൈക്കോടതി ജസ്‌റ്റിസായി. Read on deshabhimani.com