കെ ഫോൺ: വീടുകളിലെ പെയ്ഡ് കണക്ഷന്‌ പ്രിയമേറുന്നു



കൊല്ലം > അതിവേഗ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ്‌ കണക്ടിവിറ്റി ഒരുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയിൽ വീടുകളിലേക്ക് പെയ്ഡ് കണക്‌ഷൻ നൽകാൻ തുടങ്ങിയതോടെ ആവശ്യക്കാരേറി. ഡിജിറ്റൽ ഭാവിയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയിൽ നിലവിൽ 1167 കുടുംബങ്ങൾക്ക്‌ കണക്‌ഷൻ നൽകി. അപേക്ഷ നൽകിയ കുടുംബങ്ങൾക്ക്‌ കണക്‌ഷൻ നൽകാനുള്ള നടപടി ദ്രുതഗതിയിലാണ്‌. അപേക്ഷ നൽകിയാൽ ഒരാഴ്ചയ്‌ക്കുള്ളിൽ കണക്‌ഷൻ ലഭിക്കും. പരിധിയില്ലാതെ ബ്രൗസ്‌ചെയ്യാനും സ്‌ട്രീം ചെയ്യാനും കണക്ട്‌ ചെയ്യാനും കഴിയുന്ന പദ്ധതിയിൽ സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യ കണക്‌ഷൻ എന്നിവയും നൽകുന്നുണ്ട്. അപേക്ഷിച്ച 1888 സർക്കാർ സ്ഥാപനങ്ങളിൽ 1229 എണ്ണത്തിനും 979 ബിപിഎൽ കുടുംബങ്ങളിൽ 565 കുടുംബത്തിനും കണക്‌ഷൻ നൽകി. ഇന്റർനെറ്റ്‌ ജനതയുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച്‌ സർക്കാർ നടപ്പാക്കുന്ന കേരളത്തിന്റെ സ്വന്തം ഇന്റനെറ്റിന്റെ മൊബൈൽ ആപ്ലിക്കേഷൻ ‘എന്റെ കെ ഫോൺ’ വഴി പെയ്‌ഡ്‌ കണക്‌ഷൻ വരിക്കാരാകാം. പ്ലേസ്റ്റോറിലും ആപ്‌സ്‌റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. കെ ഫോണിന്റെ www.kfon.in എന്ന വെബ്സൈറ്റിലൂടെയും സേവനം ലഭിക്കും. കെ ഫോണുമായി കരാറുള്ള പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴിയും കണക്‌ഷൻ ലഭിക്കും. പ്രതിമാസം, ആറുമാസം എന്നീ പ്ലാനുകളിലാണ് സേവനം. മോഡം, ഇൻസ്റ്റലേഷൻ എന്നിവ സൗജന്യമാണ്. ഒരു മാസത്തിന് 299രൂപ മുതലുള്ള പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനിൽ 20 എംബിപിഎസ് വേഗതയിൽ 3000 ജിബി ലഭിക്കും. വിവിധ പ്ലാനുകൾക്ക്‌ അനുസരിച്ച്‌ വേഗതയിൽ മാറ്റംവരും. 30, 40, 50, 75, 100, 150, 200, 250 എംബിപിഎസ് വേഗതയിലുള്ള പ്ലാനുകളും ഉണ്ട്. ഇതിന്‌ യഥാക്രമം നികുതിയടക്കം 353, 412, 471, 530, 589, 707, 943 രൂപയാണ്‌ നിരക്ക്‌. 5,000 ജിബി ലഭിക്കുന്ന 250, 200 എംബിപിഎസ് പ്ലാനിൽ യഥാക്രമം 1474, 1179 രൂപയാണ് നൽകേണ്ടത്‌. Read on deshabhimani.com

Related News