"യുഡിഎഫ് വന്നാൽ എട്ടിന്റെ പണികിട്ടും'; പ്രവർത്തകർക്കെതിരെ കെ എം ഷാജിയുടെ കൊലവിളി പ്രസംഗം
കോഴിക്കോട് > തനിക്കെതിരായി കളിച്ചവൻ പാർടിക്കകത്തായാലും പുറത്തായാലും തിരിച്ചടി ഉറപ്പെന്ന ഭീഷണിയുമായി കെ എം ഷാജി എംഎൽഎ. ഏതു കൊമ്പത്തവനായാലും വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തുകൊണ്ടുവരും, ഇത് ഭീഷണിയായോ വെല്ലുവിളിയായോ എങ്ങനെ കരുതിയാലും ഒന്നുമില്ല എന്നും ഷാജി പ്രസംഗത്തിൽ പറയുന്നുണ്ട്. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ ഷാജിയുടെ കൊലവിളി പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കൊലവിളി മുഴക്കുന്ന പ്രസംഗത്തിനെതിരെ ലീഗ് പ്രവർത്തകർ തന്നെ പ്രതിഷേധവുമായെത്തി. ഷാജിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ അഴീക്കോട്, കാസർകോട് മണ്ഡലം കമ്മിറ്റികൾ നേതൃത്വത്തിന് നൽകിയ പരാതിയിൽ ഭീഷണിപ്രസംഗത്തിന്റെ ശബ്ദരേഖയുമുണ്ട്. വർഗീയപ്രചരണം കാരണം എംഎൽസ്ഥാനം നിയമക്കുരുക്കിലായതിലും കോഴക്കേസിന് പിറകിലും ലീഗിനകത്തുള്ളവർ കളിച്ചെന്ന് വ്യക്തമാക്കിയാണ് ഭീഷണി പ്രസംഗം. എന്റെ പേര് കെ എം ഷാജി എന്നാണെങ്കിൽ ചെയ്‌തവന് എട്ടിന്റെ പണികൊടുത്തിരിക്കും എന്നാണ് ഭീഷണി. അങ്ങനെ മറന്നുപേകാൻ ഞാൻ പ്രവാചകനൊന്നുമല്ല. അങ്ങനെ വിട്ടുകളയും എന്ന്‌കരുതേണ്ട. യുഡിഎഫ് അധികാരത്തിൽ വന്നാൽ എല്ലാത്തിനും തിരിച്ചുകിട്ടും. ഉദ്യോഗസ്ഥരും കരുതിവെച്ചോളൂ. എനിക്കെതിരായി പണിയെടുത്തവരെല്ലാം മറുപടി പറയേണ്ടിവരും - ഷാജി പ്രസംഗത്തിൽ ഭീഷണിമുഴക്കി. വളപട്ടണത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച വിദശീകരണയോഗത്തിലാണ് ഷാജിയുടെ വിവാദമായ കൊലവിളിപ്രസംഗം. പാർടി നേതൃത്വത്തിനൊപ്പം പ്രസംഗത്തിന്റെ ശബ്‌ദരേഖ പൊലീസീന് കൈമാറാനും ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്. Read on deshabhimani.com