വയനാട്ടിൽ പ്രചാരണത്തിന് പോകും, പാലക്കാട്ടെ കാര്യം മിണ്ടുന്നില്ലെന്ന് മുരളീധരൻ



തൃശൂർ > പാലക്കാട്ടും ചേരക്കരയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങില്ലെന്ന് സൂചന നൽകി മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. വയനാട്ടിലേക്ക് പോകും, പാലക്കാടും ചേലക്കരയും പോകുമോയെന്നത് ഇപ്പോള്‍ പറയുന്നില്ല എന്നാണ് കെ മുരളീധരൻ പറഞ്ഞത്. ഫിസിക്കൽ പ്രസൻസ് ഇല്ലെങ്കിലും സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് സീറ്റിൽ തെരഞ്ഞെടുപ്പ്‌ വരുമ്പോൾ തന്റെ പേര് നേതാക്കൾ ഓർക്കില്ലെന്നും എവിടെയെങ്കിലും ചാവേറായി നിൽക്കേണ്ടിവരുമ്പോൾ മാത്രമാണ് ഓർമവരുന്നതെന്നും കഴിഞ്ഞ ദിവസം മുരളീധരൻ പറഞ്ഞിരുന്നു. ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കെ സുരേന്ദ്രന്റെ പ്രസ്താവനയും മുരളീധരന്‍ തള്ളി. ആട്ടും തുപ്പും ചവിട്ടുമേറ്റ് അടിമയെപ്പോലെ കോണ്‍ഗ്രസില്‍ കിടക്കാതെ ബിജെപിയിലേക്ക് വരാനായിരുന്നു കെ സുരേന്ദ്രന്‍ ക്ഷണിച്ചത്. എന്നാൽ പാർടിയിൽ അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻ്റ് നടത്തുമെന്നും കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്നും അദ്ദേഹം പറഞ്ഞു. പാർടിയിൽ തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പി വി അൻവറിനു വേണ്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല. അൻവറിന് പാലക്കാടും  ചേലക്കരയിലും സ്വാധീനമില്ല. എംഎല്‍എ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും അല്പസ്വല്പം സ്വാധീനമുള്ളത് നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് പ്രദേശങ്ങളാണ്. ആ പ്രദേശമുള്‍ക്കൊള്ളുന്ന വയനാട് മണ്ഡലത്തില്‍ അന്‍വര്‍ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.   Read on deshabhimani.com

Related News