തൃശൂരിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്; കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ
കോഴിക്കോട് > ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലേറ്റ പരാജയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ തിരിഞ്ഞ് കെ മുരളീധരൻ. തൃശൂരിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണെന്നും നെട്ടും ബോൾട്ടും ഇല്ലാത്ത തൃശൂർ എന്ന വണ്ടിയിൽ തന്നോട് കയറാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിസിയുടെ ഉമ്മൻചാണ്ടി അനുസ്‌മരണത്തിൽ സംസാരിക്കരവയായിരുന്നു മുരളീധരന്റെ പ്രസ്‌താവന. ‘തൃശൂരിലെ വോട്ടുകൾ ബിജെപിയിലേക്ക് പോയ കാര്യം ഇപ്പോഴും കോൺഗ്രസ് വിദ്വാന്മാർ ആരും അറിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ലാസ്റ്റ് ബസാണ്.’–- ഉമ്മൻ ചാണ്ടി അനുസ്‌മരണത്തിനിടെ അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിനെ വേദിയിലിരുത്തിയായിരുന്നു കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള മുരളീധരന്റെ ആക്രമണം. പ്രവീൺ കുമാറിനെയും വെറുതെ വിടാൻ മുരളീധരൻ തയ്യാറായില്ല. ‘തൃശൂരിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്. നട്ടും ബോൾട്ടും ഇല്ലാത്ത തൃശൂർ എന്ന വണ്ടിയിൽ കയറാൻ തന്നോട് ആവശ്യപ്പെട്ടു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ അടക്കമുള്ളവർ ആയിരുന്നു അതിന്റെ മുൻപന്തിയിൽ നിന്നത്.’–-മുരളീധരന്‍ പറഞ്ഞു. Read on deshabhimani.com