ഉപസമിതി റിപ്പോർട്ട്‌ മുരളീധരൻ തള്ളി ; വെട്ടിലായി കെപിസിസി



തിരുവനന്തപുരം തൃശൂർ മണ്ഡലം പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തോൽവി സംബന്ധിച്ച്‌ പഠിച്ച കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയുടെ റിപ്പോർട്ട്‌, പരാജയപ്പെട്ട കെ മുരളീധരൻ തള്ളിയതോടെ കെപിസിസി വെട്ടിലായി. തോൽവിയെ തുടർന്നുണ്ടായ വിവാദത്തിൽ നിന്ന്‌ രക്ഷപ്പെടാനും മുരളീധരനെ തണുപ്പിക്കാനും വേണ്ടിയായിരുന്നു അന്വേഷണ നാടകം. 
 താൻ ചൂണ്ടിക്കാണിച്ച മുഖ്യകാരണങ്ങളിലേക്ക്‌ ഉപസമിതി എത്തിയില്ലെന്നതിലുള്ള നീരസത്തിലാണ്‌ മുരളീധരൻ. പരാജയത്തിൽ സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ പങ്ക്‌ വ്യക്തമാകണമെന്നതാണ്‌ മുരളീധരന്റെ ആവശ്യം.  തൃശൂരിൽ മത്സരിക്കാൻ ചെന്നതാണ് താൻ ചെയ്ത തെറ്റെന്ന്‌ കഴിഞ്ഞദിവസം മുരളീധരൻ പറഞ്ഞിരുന്നു.  സ്ഥാനാർഥി മാറ്റത്തിന്‌ തയ്യാറാണെന്ന് താൻ ആരോടും പറഞ്ഞിട്ടില്ല. തനിക്കാണ്‌ തെറ്റുപറ്റിയതെന്ന്‌ ബോധ്യപ്പെട്ട സാഹചര്യത്തിൽ റിപ്പോർട്ട് കാണാൻ താൽപര്യമില്ലെന്ന കടുത്ത നിലപാടിലുമാണ്‌ മുരളീധരൻ. തോൽവി കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം മൂലമാണെങ്കിൽ അതിന്റെ മെച്ചം കിട്ടേണ്ടത് എൽഡിഎഫിനാണ്‌. പാർട്ടിക്കാർ പാലംവലിച്ചതും ബിജെപി ക്ക്‌ വോട്ട്‌ മറിച്ചതും മുഖ്യകാരണമെന്ന വിലയിരുത്തലാണിതെന്ന്‌ വ്യക്തം. അതിന്മേൽ നടപടിയെടുക്കാൻ ഇപ്പോഴത്തെ നേതൃത്വത്തിന്‌ കഴിവില്ലെന്ന സൂചനയും അദ്ദേഹം നൽകുന്നു. കോൺഗ്രസിന്റെ സ്വാധീന കേന്ദ്രങ്ങളിലടക്കം വൻതോതിൽ വോട്ട്‌ ചോർന്നതും പലയിടത്തും ബൂത്തുകളിൽ ഇരിക്കാൻ പ്രവർത്തകരില്ലാത്ത ഗതികേടിലെത്തിയതും ചൂണ്ടിക്കാട്ടിയിരുന്നു. മറ്റുകാരണങ്ങൾ പലതും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ടി എൻ പ്രതാപൻ അടക്കമുള്ള സംസ്ഥാന നേതാക്കളുടേയും ഡിസിസി യുടേയും ഉത്തരവാദിത്തം കുറച്ചുകാണാനാവില്ല. തൃശൂർ ഡിസിസി പ്രസിഡന്റ്‌ ജോസ്‌ വള്ളൂരിനേയും യുഡിഎഫ്‌ ജില്ലാ ചെയർമാൻ എം പി വിൻസന്റിനേയും മാറ്റിയെങ്കിലും പ്രമാണിമാരെ തൊട്ടില്ലെന്നാണ്‌ മുരളീധരനൊപ്പമുള്ളവരും പറയുന്നത്‌.   Read on deshabhimani.com

Related News