കേന്ദ്രത്തെ തിരുത്താൻ കേരളം ; വിവേചനത്തിനെതിരെ 
ധനമന്ത്രിമാർ ഒന്നിക്കുന്നു



തിരുവനന്തപുരം പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട്‌ കേന്ദ്ര സർക്കാർ തുടരുന്ന സാമ്പത്തിക വിവേചനത്തിന്‌  അറുതിവരുത്താൻ  മുൻകൈയെടുത്ത്‌ കേരളം. 12ന്‌ കേരളം, തമിഴ്‌നാട്‌, കർണാടകം, തെലങ്കാന, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും  കോൺക്ലേവ്‌ സംഘടിപ്പിക്കും. സംസ്ഥാനങ്ങൾ നേരിടുന്ന വികസന– ധനപ്രശ്‌നങ്ങൾ 16–-ാം ധനകമീഷൻ മുമ്പാകെ അവതരിപ്പിക്കുന്നത്‌ സംബന്ധിച്ച ആശയരൂപീകരണമാണ്‌  കോൺക്ലേവിന്റെ   പ്രധാന ലക്ഷ്യമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.   ഡോ. എ അരവിന്ദ്‌ പനഗാരിയ അധ്യക്ഷനായ 16–-ാം ധനകമീഷൻ സംസ്ഥാനങ്ങളുമായി കൂടിയാലോചന തുടങ്ങി. കേന്ദ്ര– സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്താനുള്ള പ്രധാനവേദികളിൽ ഒന്നായാണ്‌ ധനകമീഷനെ കേരളം പരിഗണിക്കുന്നത്‌. ഇത്തരം കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ യോജിച്ച നിലപാട്‌ അനിവാര്യമായിരിക്കുകയാണ്‌. അതിന്‌ സഹായകമാകുന്ന നിലയിലാകും കോൺക്ലേവ്‌ സംഘടിപ്പിക്കുക. ആരോഗ്യപരമായ കേന്ദ്ര– -സംസ്ഥാന ബന്ധത്തിന്‌ സംസ്ഥാനങ്ങൾക്ക്‌ ധനസുസ്ഥിരത വേണം. അതിന്‌ സംസ്ഥാനങ്ങൾക്ക്‌  അർഹമായ ധനവിഹിതം  ലഭിക്കണം . എന്നാൽ തികച്ചും വിഭിന്നമായ നിലപാടാണ്‌ യൂണിയൻ സർക്കാരിന്‌. നീതിപൂർവമല്ലാത്തതാണ്‌ ധനവിഭജന രീതി–- മന്ത്രി പറഞ്ഞു.   12ന്‌ രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ്‌ ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, കർണാടക റവന്യുമന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, പഞ്ചാബ്‌ ധനമന്ത്രി ഹർപാൽ സിങ്‌ ചീമ, തമിഴ്‌നാട്‌ ധനമന്ത്രി തങ്കം തെന്നരസ്, കേരള പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ എന്നിവർ പങ്കെടുക്കും. അഞ്ച്‌ സംസ്ഥാനങ്ങളിലെയും ധനസെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരും സംബന്ധിക്കും. ഉച്ചയ്‌ക്കുശേഷം ധനമേഖലയിലെ വിദഗ്‌ധർ പങ്കെടുക്കുന്ന സെഷനുമുണ്ട്‌. Read on deshabhimani.com

Related News