സുധാകരന്റെ തുറന്നുപറച്ചിൽ; സതീശനെതിരായ നീക്കത്തിന്‌ മൂർച്ചയേറും



തിരുവനന്തപുരം കെപിസിസി പ്രസിഡന്റ്‌  കെ സുധാകരനും  പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരസ്യഏറ്റുമുട്ടിലിലേക്ക്‌ എത്തിയതോടെ കോൺഗ്രസിലെ ഗ്രൂപ്പുപോര്‌ വീണ്ടും രൂക്ഷമാകുമെന്ന്‌ ഉറപ്പായി. ഏറ്റവും ഒടുവിൽ പി വി അൻവറിനോടുള്ള സമീപനത്തിന്റെ പേരിലാണ്‌ ഏറ്റുമുട്ടിയതെങ്കിലും അത്‌ ഏറെനാളായി കോൺഗ്രസിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങളുടെ പെയ്‌ത്താണെന്ന്‌ വ്യക്തം. കെപിസിസി അധ്യക്ഷനെയും പാർടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കളെയും മൂലയ്‌ക്കിരുത്തി ഏകപക്ഷീയമായി തീരുമാനങ്ങൾ  സതീശന്റെ ഏകാധിപത്യത്തോടുള്ള എതിർപ്പാണ്‌ സുധാകരനിലൂടെ പുറത്തുവന്നത്‌. പാലക്കാട്, ചേലക്കര സ്ഥാനാർഥിയെ നിർണയിച്ചതിലും സുധാകരൻ അടക്കമുള്ള വലിയൊരു വിഭാഗത്തിന്‌ എതിർപ്പുണ്ട്‌. ഡോ. പി സരിൻ തള്ളിക്കളയേണ്ട ആളല്ല എന്ന നിലപാട്‌ എടുത്തിട്ടും സതീശൻ–- ഷാഫി സംഘത്തിന്റെ തീരുമാനങ്ങൾക്ക്‌ വഴങ്ങേണ്ടി വരികയായിരുന്നു പലർക്കും. ‘‘പ്രതിപക്ഷ നേതാവും അൻവറും തമ്മിൽ തെറ്റിയതോടെ സഹകരണം നടക്കാതെ വന്നു. പ്രതിപക്ഷ നേതാവിന്റെ നിലപാട് വേണ്ടിയിരുന്നില്ല’’ എന്നാണ്‌ സുധാകരൻ പരസ്യമായി പ്രതികരിച്ചത്‌. അങ്ങിനെയല്ലേയെന്ന്‌ തൊട്ടടുത്തുനിന്ന ജോസഫ്‌ വാഴയ്‌ക്കനോടും ചോദിച്ചു. സതീശനോട്‌ വിയോജിപ്പുണ്ടെങ്കിലും സുധാകരനെ പോലെ പരസ്യമായി പ്രതികരിക്കാൻ പലരും ഭയക്കുന്നുവെന്നാണ്‌ വാഴയ്‌ക്കന്റെ മുഖഭാവത്തിൽനിന്ന്‌ വ്യക്തമായത്‌. ഉള്ളിലുള്ളത്‌ വെട്ടിത്തുറന്നുപറഞ്ഞ സുധാകരൻ അപ്പോൾ തന്നെ അതിന്റെ അപകടംമണത്ത്‌ തിരുത്താൻ ശ്രമിച്ചെങ്കിലും ഭിന്നത മൂടിവയ്‌ക്കാൻ പറ്റാതായി. കോൺഗ്രസ്‌ വിടുന്ന നേതാക്കളെല്ലാം ചൂണ്ടിക്കാട്ടുന്നത്‌ സതീശന്റെ തൻപ്രമാണിത്തമാണ്‌. അതുതന്നെയാണ്‌ ഇപ്പോഴും മുമ്പ്‌ ആലപ്പുഴയിൽവച്ചും സുധാകരൻ വ്യക്തമാക്കിയത്‌. Read on deshabhimani.com

Related News