സുധാകരനെ തെറിപ്പിക്കാൻ സതീശൻ ; കെ സി വേണുഗോപാലിന്റെ പിന്തുണ



തിരുവനന്തപുരം കെ സുധാകരനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. സുധാകരന്റെ പരസ്യ പ്രതികരണങ്ങൾ കോൺഗ്രസിനും യുഡിഎഫിനും ബാധ്യതയാകുന്നെന്ന്‌ ചൂണ്ടിക്കാട്ടി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലുടൻ സുധാകരനെ മാറ്റണമെന്ന ആവശ്യം നേതൃത്വത്തിനുമുന്നിൽ ഉന്നയിച്ചതായാണ്‌ വിവരം. ഷാഫി പറമ്പിൽ എംപി, ചില യുവ എംഎൽഎമാർ എന്നിവരെയും ഒപ്പംനിർത്തിയിട്ടുണ്ട്‌. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണയുമുണ്ട്‌. കെ സുധാകരനെ പ്രസിഡന്റ്‌ സ്ഥാനത്തിരുത്തി തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നേരിടാനാകില്ലെന്നാണ്‌ സതീശൻ അറിയിച്ചത്‌.  സുധാകരന്‌ പ്രായാധിക്യത്തെ തുടർന്നുള്ള അവശതയും മാധ്യമങ്ങൾക്കും മൈക്കിനും മുന്നിൽ എന്തും വിളിച്ചുപറയുന്നതും  സതീശൻ ഉന്നയിക്കുന്നു. കോൺഗ്രസ്‌ പാനലിന്‌ വോട്ടുചെയ്യാത്തവരെ ജീവിക്കാൻ അനുവദിക്കില്ലെന്ന്‌ കഴിഞ്ഞദിവസം സുധാകരൻ പ്രസംഗിച്ചതും രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന്‌ പറഞ്ഞതുമാണ്‌  ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്‌.  ഡിസിസികളുടെ നിർദേശം തള്ളിയാണ്‌ സതീശൻ ഏകപക്ഷീയമായി സ്ഥാനാർഥികളെ നിശ്ചയിച്ചത്‌. മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കാൻ സുധാകരന്‌ താൽപ്പര്യമില്ലായിരുന്നു. സ്ഥാനാർഥി നിർണയ ഘട്ടത്തിൽ പി സരിനുവേണ്ടി വാദിക്കുകയും ചെയ്‌തു.  സരിൻ കോൺഗ്രസ്‌ വിടാൻ കാരണം സതീശനും ഷാഫി പറമ്പിലുമാണെന്നും സുധാകരൻ വിശ്വസിക്കുന്നു. ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറിന്റെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തിലും തർക്കമുണ്ടായി. അൻവറിനെ കൂടെ നിർത്താൻ കഴിയാത്തത്‌ സതീശന്റെ വീഴ്‌ചയാണെന്ന്‌ സുധാകരൻ പറഞ്ഞു. ഇതിനു പിന്നാലെ ഷാഫി പറമ്പിലിന്റെ നോമിനിയാണ്‌ രാഹുൽ മാങ്കൂട്ടത്തിലെന്നും സുധാകരൻ തുറന്നടിച്ചു. ഇതിൽ കടുത്ത രോഷത്തിലാണ്‌ സതീശൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും തുടർന്ന്‌ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലും ഇരുവരും പരസ്യമായി ഏറ്റുമുട്ടിയിരുന്നു. പുതുപ്പള്ളി വിജയത്തിന്റെ ക്രെഡിറ്റിനെചൊല്ലി വാർത്താസമ്മേളനത്തിൽ പോരടിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ ഒരുമിച്ചുനടത്തിയ ജാഥയ്‌ക്കിടെ മാധ്യമങ്ങൾക്കുമുന്നിൽ സതീശനെ സുധാകരൻ മൈക്കിൽ തെറിവിളിച്ചത്‌ വൈറലായിരുന്നു. Read on deshabhimani.com

Related News