അധ്യക്ഷ സ്ഥാനത്തിരുന്ന്‌ പുനഃസംഘടന ; ആന്റണിയെയും ചെന്നിത്തലയെയും കണ്ട്‌ സുധാകരൻ



തിരുവനന്തപുരം പുനഃസംഘടനാ ചർച്ച തുടങ്ങിയിട്ടില്ലെന്ന്‌ നേതാക്കൾ പരസ്യമായി പറയുമ്പോഴും രഹസ്യ നീക്കങ്ങൾ ശക്തമാക്കി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. ബുധനാഴ്ച രാത്രി മുതിർന്ന നേതാക്കളായ എ കെ ആന്റണിയെയും രമേശ്‌ ചെന്നിത്തലയെയും കണ്ട്‌ സുധാകരൻ പുനഃസംഘടനയ്ക്ക്‌ പിന്തുണ തേടി. സുധാകരൻ പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടർന്നുകൊണ്ട്‌ മറ്റ്‌ സ്ഥാനങ്ങളിലേക്ക്‌ പുനഃസംഘടന എന്ന അജണ്ടയ്ക്ക്‌ രമേശ്‌ ചെന്നിത്തലയടക്കമുള്ളവർ പിന്തുണ നൽകിയതായാണ്‌ വിവരം. വി ഡി സതീശനെതിരായ നീക്കത്തിൽ യോജിക്കാൻ ചെന്നിത്തലയ്ക്കും താൽപര്യമുണ്ട്‌. എ കെ ആന്റണിയോടും തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ്‌ പുനഃസംഘടന നടത്തുന്ന കാര്യം സുധാകരൻ സൂചിപ്പിച്ചു. ട്രഷറർ, 10 ജനറൽ സെക്രട്ടറിമാർ, വർക്കിങ്‌ പ്രസിഡന്റ്‌, ഡിസിസി അധ്യക്ഷർ സ്ഥാനങ്ങളിൽ പുനഃസംഘടന അനിവാര്യമാണെന്നാണ്‌ സുധാകരന്റെയും കൂട്ടരുടെയും നിലപാട്‌. കെ സി വേണുഗോപാലിനും അതിനോട്‌ യോജിപ്പാണ്‌. സമുദായ പരിഗണനയും സ്വന്തം ഗ്രൂപ്പുണ്ടാക്കി വളരാനുള്ള പരിമിതിയുമാണ്‌ സുധാകരനെ നിലനിർത്തുന്നതിൽ വേണുഗോപാൽ കാണിക്കുന്ന താൽപര്യം. കെ സുധാകരനൊപ്പമെന്ന്‌ പറയുന്ന നേതാക്കളെല്ലാം ഫലത്തിൽ വേണുഗോപാൽ ഗ്രൂപ്പുകാരാണ് എന്നത് കോൺഗ്രസിൽ പരസ്യമായ രഹസ്യമാണ്‌. സമ്പൂർണ പുനഃസംഘടനയെന്ന സതീശന്റെ നിലപാടിനോട്‌ മുതിർന്ന നേതാക്കൾ യോജിക്കുന്നില്ല.  മാറുന്നെങ്കിൽ പ്രതിപക്ഷ നേതാവടക്കം മാറണമെന്ന സുധാകരന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവരാണ്‌ കൂടുതൽ. 26ന്‌ കർണാടകത്തിലെ ബെലഗാവിൽചേരുന്ന എഐസിസി യോഗത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പുനഃസംഘടന സംബന്ധിച്ച്‌ തീരുമാനങ്ങളുണ്ടാകും. പ്രസിഡന്റ്‌ പദവി ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിലും പുനഃസംഘടന എന്ന തീരുമാനത്തിലെത്തിയാൽ കെ സുധാകരന്‌ തിരിച്ചടിയാകും. പാർലമെന്റ്‌ സമ്മേളനത്തിനുശേഷം പുനഃസംഘടനയിലേക്ക്‌ കടക്കാനാണ്‌ സാധ്യത. ഡിസിസി അധ്യക്ഷരിൽ ഭൂരിപക്ഷവും ദുർബലരാണെന്നും ഇവരെവച്ചുകൊണ്ട്‌ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക്‌ പോകാനാകില്ലെന്നുമുള്ള പൊതുനിലപാടാണ്‌ നേതാക്കൾക്ക്‌. ആരെ ഇളക്കിയാലും ശക്തമായ പ്രാദേശിക വികാരവും എതിർപ്പുമുണ്ടാകുമെന്ന ഭയവും നേതൃത്വത്തിനുണ്ട്‌. Read on deshabhimani.com

Related News