വിദേശസഹകരണച്ചുമതലയിൽ കെ വാസുകിയുടെ നിയമനം ; വിവാദത്തിന്‌ പിന്നിൽ ഗൂഢാലോചന



തിരുവനന്തപുരം കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം വിദേശ സഹകരണത്തിന് നോഡൽ ഓഫീസറെ സംസ്ഥാനത്തു നിയമിച്ചത്‌ വിവാദമാക്കുന്നതിനു പിന്നിൽ ഗൂഢാലോചന.  കേരളം ഭരണ​ഘടനാലംഘനം നടത്തിയെന്ന ബിജെപി നേതാക്കളുടെ പ്രസ്‌താവനയും വിദേശകാര്യ വക്താവിന്റെ വാർത്താസമ്മേളനത്തിലെ പരാമർശവും വ്യക്തമാക്കുന്നത്‌ അതാണ്‌. കേരള സർക്കാർ കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ കൈകടത്തുന്നുവെന്ന പ്രതീതിയുണ്ടാക്കാനായിരുന്നു ശ്രമം ജൂലൈ 20ന് ആണ്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയിൽ ‘വാസുകിയെ കേരള സർക്കാർ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു’ എന്ന വാർത്ത വരുന്നത്‌. ഇതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും മുൻ വിദേശസഹമന്ത്രി വി മുരളീധരനും കേരളം ഭരണഘടനാലംഘനം നടത്തിയെന്ന് ആരോപിച്ചു. അടുത്തദിവസം ബിജെപി മുഖപത്രം ഒന്നാംപേജിലെ പ്രധാന വാർത്തയാക്കി. തെറ്റായ വാർത്തയാണെന്ന ചീഫ്‌ സെക്രട്ടറിയുടെ വിശദീകരണത്തോടെ അവസാനിക്കേണ്ടിയിരുന്ന വിഷയം കഴിഞ്ഞദിവസം ഡൽഹിയിൽ വിദേശകാര്യ വക്താവിന്റെ പ്രതിവാര വാർത്താസമ്മേളനത്തിലും എത്തിച്ചു. എന്താണ്‌ വാസ്‌തവം 2016 മെയ്‌ 11ന്‌ ലോക്‌സഭയിൽ കൻവർ ഭരതേന്ദ്രയുടെ ചോദ്യത്തിന് വിദേശ സഹമന്ത്രി വി കെ സിങ്‌ നൽകിയ മറുപടി: " കയറ്റുമതികളും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങൾക്ക് സൗകര്യംചെയ്തു കൊടുക്കാനും ഏകോപിപ്പിക്കാനുമായി വിദേശ മന്ത്രാലയം 2014 ഒക്ടോബറിൽ സ്റ്റേറ്റ്‌സ്‌ ഡിവിഷൻ തുടങ്ങിയിരുന്നു. ഡിവിഷന്റെ മുൻകൈയിൽ, വിദേശത്തുള്ള മിഷനുകൾ/പോസ്‌റ്റുകളുമായി ബന്ധപ്പെടാനുള്ള നോഡൽ ഓഫീസർമാരെ നിയമിക്കാൻ സംസ്ഥാനങ്ങളോട്‌  നിർദേശിച്ചിട്ടുണ്ട്‌’.  ഈ മറുപടി വിദേശമന്ത്രാലയ വെബ്‌സൈറ്റിൽ ഇപ്പോഴുമുണ്ട്‌. വിദേശ സർവീസിൽനിന്ന്‌ വിരമിച്ച വേണു രാജാമണിയെ സംസ്ഥാന സർക്കാർ 2021 സെപ്‌തംബർ 15ന്‌  ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയായി വിദേശ  സഹകരണച്ചുമതലയിൽ നിയമിച്ചു. അദ്ദേഹത്തിന്റെ കാലാവധികഴിഞ്ഞതോടെ 2023 സെപ്‌തംബർ 28ന്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനായ സുമൻ ബില്ലയ്‌ക്ക്‌ അധികചുമതല നൽകി. അദ്ദേഹത്തിനു പകരമാണ്‌ ഈമാസം 15ന്‌ കെ വാസുകിയെ നിയമിച്ചത്. ഈ നോഡൽ ഓഫീസറെയാണ്‌ ‘ വിദേശകാര്യ സെക്രട്ടറി’യായി അവതരിപ്പിച്ചത്‌.   Read on deshabhimani.com

Related News