ക്യാമറയിൽ ചൂണ്ടയുണ്ട്‌, മച്ചാനത് മതിയളിയാ...



കരുനാഗപ്പള്ളി> കടലിന്റെ കാണാക്കാഴ്‌ചകളും കടലോരത്തിന്റെ ജീവിതതാളവും ക്യാമറയിലൊപ്പി ‘കടൽ മച്ചാൻ’ ലൈവാണ്‌. ആരും കാണാത്ത കടൽക്കാഴ്ചകൾ പ്രേക്ഷകർക്കു സമ്മാനിച്ച്‌ ആ യാത്ര തുടരുമ്പോൾ ഇമ ചിമ്മാതെ പിന്തുടരുന്നത്‌ നാലര ലക്ഷംപേർ. ആലപ്പാട് ഗ്രാമത്തിലെ അഴീക്കലിൽ മീനത്തുവീട്ടിൽ വിഷ്ണു എന്ന ബിരുദവിദ്യാർഥി നാലുവർഷം മുമ്പ് തുടങ്ങിയ "കടൽ മച്ചാൻ’ യൂട്യൂബ് ചാനലും വ്ലോഗും മലയാളികൾക്കു സമ്മാനിക്കുന്നത്‌ വേറിട്ട ദൃശ്യവിസ്‌മയം. വീഡിയോ വൈറലാക്കാൻ എന്തു ‘ഷോ’കൾക്കും ഇറങ്ങിപ്പുറപ്പെടുന്നവർക്കിടയിൽ ജീവിതാനുഭവങ്ങളുടെ നേർക്കാഴ്‌ചകളെ ക്യാമറച്ചൂണ്ടയിൽ കൊരുത്ത്‌ വിഷ്‌ണു കടലിനെ പങ്കുവയ്‌ക്കുന്നു. ‘പെർഫെക്ട്‌ ഒകെ... അത്‌ പോരേ അളിയാ’ന്ന്‌ പുതുതലമുറ ആ കാഴ്‌ചകൾക്ക്‌ കമന്റിടുന്നു. മത്സ്യത്തൊഴിലാളിയായ അച്ഛൻ നാഗേഷ് ബാബുവിനൊപ്പം 12–-ാം വയസ്സിലാണ്‌ വിഷ്‌ണു കടലിൽ പോകാൻ തുടങ്ങിയത്‌. ജാപ്പനീസ് ചാനലിൽ വിവിധയിനം മീനുകളെ കടലിൽനിന്നു പിടിക്കുന്ന വീഡിയോ കണ്ടപ്പോൾ കടൽക്കാഴ്ചകൾ ജനങ്ങളിലെത്തിക്കാമെന്ന ആശയം മനസ്സിന്റെ ചൂണ്ടയിലുടക്കി. എന്നാൽ, ദൃശ്യങ്ങൾ ചിത്രീകരിക്കാനുള്ള ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മകന്റെ ആഗ്രഹമറിഞ്ഞ്‌ അമ്മ സന്ധ്യ സ്വർണം പണയം വച്ച് ക്യാമറ വാങ്ങിനൽകി. അതുമായി അവൻ ദൃശ്യവേട്ടയ്‌ക്ക്‌ കടലിലേക്കിറങ്ങി. കരയിലിരുന്ന്‌ ജനലക്ഷങ്ങൾ അതിശയക്കാഴ്‌ചകളുടെ ചാകര കണ്ടു. കടലിൽ ദിവസങ്ങളോളം മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതവും ഭക്ഷണരീതികളുമെല്ലാം പുറംലോകത്തിന്‌ പുതിയ അനുഭവങ്ങളായി. തൂത്തുക്കുടിയിൽ അതിസാഹസികമായി കടലിൽനിന്ന് ശംഖുകൾ ശേഖരിക്കുന്നവരുടെ കഥ പറഞ്ഞ വ്ലോഗുകൾ വമ്പൻ ഹിറ്റായി. ഡോൾഫിൻ കൂട്ടങ്ങളുടെ സഞ്ചാരവഴികളും കേരവേട്ടയുടെ കാണാപ്പുറങ്ങളുമെല്ലാം വിഷ്‌ണു ജനങ്ങളിലെത്തിച്ചു. ചെറു മത്തി മുതൽ കൂറ്റൻ ചൂരകൾ വരെ ക്യാമറച്ചൂണ്ടയിൽ കുടുങ്ങി. കടലോരത്തെ ജീവിത പരിസരവും വിഷ്‌ണുവിന്റെ ക്യാമറയിലൂടെ പുറംലോകത്തെത്തി. കടലിൽനിന്നു പിടിച്ച മീൻ അമ്മ പാചകംചെയ്യുന്ന വീഡിയോ ‘നാടൻ മീൻകറി പാചകങ്ങൾ’ 10 ലക്ഷത്തിലധികം പേരാണ്‌ കണ്ടത്‌. വിഷ്ണുവിന്‌ കട്ട സപ്പോർട്ടുമായി സഹോദരിയും ബിരുദ വിദ്യാർഥിയുമായ പേൾ ഒപ്പമുണ്ട്‌. ഇന്നു കേരളത്തിലെ ഏറ്റവും വൈറലായ യൂട്യൂബ്‌ ചാനലുകളിലൊന്നാണ്‌ ‘കടൽ മച്ചാൻ’. ചാനൽ വഴി ലഭിക്കുന്ന വരുമാനത്തിൽ ഒരുപങ്ക്‌ നാടിന്റെ കരുതലിനും പങ്കുവയ്‌ക്കുന്നുണ്ട്‌ വിഷ്‌ണു. ലോക്‌ഡൗണിൽ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യസാധനങ്ങളും മറ്റു സഹായങ്ങളും എത്തിച്ചുനൽകി. വിദ്യാർഥികൾക്ക് സ്കോളർഷിപ് ഉൾപ്പെടെ നൽകുന്നു. അച്ഛന്റെ കുടുംബവീട്ടിൽ താമസിക്കുന്ന വിഷ്ണുവിന്‌ സ്വന്തമായൊരു വീട്‌ വലിയ സ്വപ്നമാണ്‌. കൊല്ലം ഇഗ്നോ സെന്ററിൽ മൂന്നാംവർഷ ബിഎ സൈക്കോളജി വിദ്യാർഥിയാണ് വിഷ്ണു. Read on deshabhimani.com

Related News