‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് ; അന്വേഷണം ശരിയായ 
ദിശയിലെന്ന് ഹെെക്കോടതി



കൊച്ചി വടകര ലോക്‌സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പുപ്രചാരണത്തിനിടെ ‘കാഫിർ’ പരാമർശമടങ്ങിയ വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിലെന്ന് ഹെെക്കോടതി. അന്വേഷണ ഏജൻസിയെ മാറ്റണമെന്നുള്ള ഹർജിക്കാരന്റെ ആവശ്യത്തിൽ കഴമ്പില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ ഒട്ടേറെപ്പേരെ ചോദ്യം ചെയ്യുകയും ഫോൺ പരിശോധിച്ചെന്നും സർക്കാർ അറിയിച്ചു. ഫെയ്‌സ്ബുക്ക്, വാട്സാപ് കമ്പനികളിൽനിന്ന് റിപ്പോർട്ട് കിട്ടിയാലുടൻ അന്വേഷണം പൂർത്തിയാക്കാനാകും. വിവരം കൈമാറാത്തതിന് മെറ്റ കമ്പനിയെ മൂന്നാംപ്രതിയാക്കി കേസെടുത്തിട്ടുണ്ട്‌. റെഡ് ബെറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്സ്, അമ്പാടിമുക്ക് സഖാക്കൾ എന്നീ വാട്സാപ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് മൊഴിയെടുത്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കേസ്‌ അന്വേഷിക്കുന്ന വടകര പൊലീസ് കേസ് ഡയറിയും ഹാജരാക്കി. കേസ് 29ലേക്ക് മാറ്റി. സംഭവത്തിൽ യഥാർഥ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടി, കേസിൽ പ്രതിചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിം നൽകിയ ഹർജിയാണ് പരിഗണിച്ചത്. പോസ്റ്റ് പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്മിൻമാരെ പ്രതിയാക്കുന്നതിന് പകരം സാക്ഷികളാക്കിയിരിക്കുന്നത് ശരിയായ രീതിയല്ലെന്ന് കാസിമിന്റെ അഭിഭാഷകൻ വാദിച്ചു. വോട്ടെടുപ്പിന്റെ തലേന്ന്‌ കാസിമിന്റെ പേരിലാണ് സ്ക്രീൻഷോട്ട് പ്രചരിച്ചത്. കാസിമിനെതിരെ പൊലീസിന് തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. നിലവിൽ തെളിവുകൾ ഇല്ലെങ്കിലും സാധ്യത ഈഘട്ടത്തിൽ തള്ളാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. കാസിം പരാതിക്കാരനായ കേസിലും പ്രതിയായ കേസിലും സമാന്തരമായി അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ്‌ വ്യക്തമാക്കി. Read on deshabhimani.com

Related News