കലവൂർ കൊലപാതകം: പ്രതികൾ ആലപ്പുഴയിൽ വിറ്റ സ്വർണം കണ്ടെടുത്തു



ആലപ്പുഴ > കലവൂരിൽ വയോധികയെ കൊന്ന്‌ കുഴിച്ചുമൂടിയ കേസിലെ പ്രതികൾ വിറ്റ സ്വർണം കണ്ടെത്തി. കൊല്ലപ്പെട്ട കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയുടെ (73) അഞ്ച്‌ ഗ്രാമുള്ള വള ആലപ്പുഴയിലെ ജ്വല്ലറിയിൽ വിറ്റിരുന്നു. ഇതാണ്‌ അന്വേഷകസംഘം കണ്ടെത്തിയത്‌.  തിങ്കൾ പകൽ ഒന്നോടെയാണ്‌ ഒന്നാം പ്രതി എറണാകുളം മുണ്ടംവേലി വട്ടച്ചിറയിൽ ശർമിളയുമായി (52) പൊലീസ്‌ സംഘം മുല്ലയ്‌ക്കലിലെ ജ്വല്ലറിയിലെത്തിയത്‌. ജ്വല്ലറിയിൽ വള ഉരുക്കിയിരുന്നതായാണ്‌ വിവരം. ശർമിളയെ തിരിച്ചറിഞ്ഞ ജ്വല്ലറി ഉടമയുടെയും ജീവനക്കാരുടെയും മൊഴി പൊലീസ്‌ രേഖപ്പെടുത്തി. വൈകിട്ട്‌ ശർമിള, രണ്ടാംപ്രതി ആലപ്പുഴ മാരാരിക്കുളം പള്ളിപ്പറമ്പിൽ മാത്യൂസ് (35) എന്നിവരുമായി ഇവർ ഒളിവിൽ കഴിഞ്ഞ എറണാകുളം തോപ്പുംപടിയിലെ വാടകവീട്ടിലെത്തി തെളിവെടുത്തു. വീട്ടുടമയുടെയും അയൽക്കാരുടെയും മൊഴി രേഖപ്പെടുത്തി. സുഭദ്രയുടെ കൊലപാതകശേഷം ഉഡുപ്പിയിലേക്ക്‌ കടന്ന പ്രതികൾ കേരളത്തിലേക്ക്‌ മടങ്ങിയെത്തി താമസിച്ചത്‌ തോപ്പുംപടിയിലെ വാടകവീട്ടിലാണ്‌. 19ന്‌ എട്ടുദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങിയ പ്രതികളുമായി കൊലപാതകം നടന്ന കലവൂർ കോർത്തുശേരിയിലെ വാടകവീട്ടിലും  ഉഡുപ്പിയിലും തെളിവെടുത്തിരുന്നു. ഉഡുപ്പിയിലെ ജ്വല്ലറിയിൽനിന്ന്‌ സുഭദ്രയുടെ ഒന്നരപ്പവന്റെ വളയും കണ്ടെടുത്തു. പ്രതികളെത്തിയ സുഹൃത്തുക്കളുടെ വീട്ടിലും ലോഡ്‌ജുകളിലും പൊലീസെത്തി തെളിവെടുത്തു. സുഭദ്രയെ കൊലപ്പെടുത്തിയശേഷം കൈക്കലാക്കിയ സ്വർണാഭരണങ്ങൾ ഉഡുപ്പിയിലും ആലപ്പുഴയിലുമുള്ള ജ്വല്ലറികളിൽ വിറ്റതായി പ്രതികൾ നേരത്തെ മൊഴി നൽകിയിരുന്നു. സ്വർണവും പണവും കവരുകയെന്ന ഉദ്ദേശ്യത്തോടെ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. സെപ്‌തംബർ 10നാണ്‌ സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്‌. കസ്‌റ്റഡി കാലാവധി അവസാനിക്കുന്ന വെള്ളിയാഴ്‌ച പ്രതികളെ കോടതിയിൽ ഹാജരാക്കും. തുടർന്ന്‌, മാത്യൂസിന്റെ പിതൃസഹോദരന്റെ മകനും മൂന്നാംപ്രതിയുമായ മാരാരിക്കുളം കാട്ടൂർ പനേഴത്ത് റെയ്നോൾഡിനെ (61) പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങിയേക്കും. ഇയാൾക്കെതിരെ ഗൂഢാലോചനക്കുറ്റമാണ്‌ ചുമത്തിയിരിക്കുന്നത..   Read on deshabhimani.com

Related News