ഡിമാൻഡ് കൂടി, വിലയും: താരമാണ് കാന്താരി മുളക്



കിളിമാനൂർ > വീട്ടുമുറ്റത്തെ കാന്താരിക്കൊല്ലയിൽ നിന്നു നാലു മുളക് പൊട്ടിച്ച് നല്ല കട്ടത്തൈരൊഴിച്ച പഴംകഞ്ഞിക്കൊപ്പം കൂട്ടിയൊരു പിടിപിടിച്ചാലോ? അല്ലെങ്കിൽ വേണ്ട കുറച്ച് കപ്പയോ കാച്ചിലോ ചേനയോ ഒക്കെ പുഴുങ്ങി കാന്താരി ചതച്ചൊരു ചമ്മന്തിയുമുണ്ടാക്കി തട്ടാം... തോരനിൽ കാന്താരി, അച്ചാറിൽ കാന്താരി... എന്നിട്ടും തീർന്നില്ലെങ്കിൽ കാന്താരിവച്ച് പായസം പോലും ഉണ്ടക്കിക്കളയും മലയാളി. മലയാളിയുടെ കാന്താരിക്കൊതിക്ക് എത്ര നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നറിയില്ല. എന്നാൽ അന്നും ഇന്നും കാന്താരിയെന്നാൽ ചെറിയ കളിയല്ല.  മുൻപൊക്കെ എരിവും രുചിയും  ഔഷധ ഗുണങ്ങളുമൊക്കെയായിരുന്നു കാന്താരി ഖ്യാതിക്ക് പിന്നിലെങ്കിൽ ഇന്ന് അതിനൊപ്പം എരിപൊരി വിലകൂടി ചേരുന്നു. കിലോയ്ക്ക്‌ 500–600 രൂപ വരെയാണ് വില. മുറ്റത്തും തൊടിയിലുമെല്ലാം നിറയെ കാന്താരി കൊല്ലകൾ ഉണ്ടായിരുന്ന കാലത്തു നിന്നു മാറി ഇന്ന് മിക്ക വീടുകളിലും പേരിനു പോലും ഒന്നില്ല എന്നാണ് സ്ഥിതി. അവശ്യക്കാർക്കാകട്ടെ ഒരു കുറവുമില്ല. ലഭ്യത കുറഞ്ഞതോടെ വില കൂടി. നാടൻ വിഭവങ്ങൾക്ക് നഗരങ്ങളിലും ഡിമാൻഡ്‌ കൂടിയതോടെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഉൾപ്പെടെ കാന്താരിക്ക് പ്രിയമേറി. ഇപ്പോൾ നഗരങ്ങളിലെ ഹോട്ടലുകളിൽ കപ്പയും കാന്താരിയും പ്രധാന മെനുവാണ്. കാന്താരി മുളക് ഉണക്കി വിദേശത്തേക്ക് കയറ്റി അയക്കാൻ തുടങ്ങിയതും ഡിമാൻഡ് കൂട്ടി. ഉണങ്ങിയ കാന്താരിമുളക് ഇന്ന് പായ്ക്കറ്റിലും ലഭ്യമാണ്. കാന്താരി അച്ചാറിനും ഉപ്പിലിട്ടതിനും ആവശ്യക്കാരേറെയാണ്. കാന്താരിക്ക് എന്നും ഡിമാൻഡ് ഉണ്ടെങ്കിലും വിപണിയിൽ ആവശ്യത്തിന് എത്തുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് ഇന്ന് കേരളത്തിൽ കാന്താരി കൂടുതലായി എത്തുന്നത്. ഇവയ്‌ക്ക്‌ ഗുണം കുറവാണ്. വില കുതിച്ചിട്ടും കാന്താരി കൃഷി ചെയ്യാൻ കർഷകർ തയ്യാറാകുന്നില്ല. പലരും ഇഞ്ചിക്ക്‌ മറ്റും ഇടവിളയായാണ് കാന്താരി കൃഷി ചെയ്യുന്നത്.     ഔഷധ ഗുണങ്ങളാൽ കേമൻ കാന്താരിയുടെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. വിറ്റാമിനുകളായ എ, സി, ഇ, കാത്സ്യം, അയൺ, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവയാൽ സമ്പന്നമാണ് കാന്താരി. കാന്താരി മുളകിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും രക്തയോട്ടം വർദ്ധിപ്പിക്കാനുമുള്ള കഴിവുമുണ്ട്. Read on deshabhimani.com

Related News