കണിച്ചുകുളങ്ങര കൊലക്കേസ്‌ ; പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി



ന്യൂഡൽഹി കണിച്ചുകുളങ്ങര കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലിൽ കഴിയുന്ന സജിത്തിന്റെ ജാമ്യാപേക്ഷ  സുപ്രീംകോടതി തള്ളി. വിചാരണക്കോടതിയുടെ ശിക്ഷാവിധി ശരിവെച്ച കേരളാ ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ തീരുമാനം വൈകുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു സജിത്തിന്റെ ആവശ്യം. എന്നാൽ, സജിത്ത്‌  ക്രൂരനായ കുറ്റവാളിയാണെന്നും നീതിവ്യവസ്ഥയുടെ ദയ അർഹിക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥ്‌ വാദിച്ചു. ഇതോടെ, ജസ്‌റ്റിസുമാരായ ഹൃഷി കേശ്‌റോയ്‌,  എസ്‌ വി എൻ ഭാട്ടി എന്നിവരുടെ ബെഞ്ച്‌ ജാമ്യാപേക്ഷ തള്ളി. ഹിമാലയ ചിട്ടിക്കമ്പനി മാനേജിങ് ഡയറക്ടറായിരുന്ന സജിത്തും കൂട്ടരും ക്രിമിനൽ ഗൂഢാലോചന നടത്തി എവറസ്‌റ്റ്‌ ചിട്ടിഫണ്ട്‌ ഉടമകളായ രമേഷ്‌, ലത, ഡ്രൈവർ ഷംസുദീൻ എന്നിവരെ ലോറി ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയതാണ്‌ കേസ്‌. ഹിമാലയഗ്രൂപ്പ്‌ മാനേജറായിരുന്ന രമേഷ്‌ പുതിയ ചിട്ടിക്കമ്പനി തുടങ്ങിയതിലുള്ള വൈരാഗ്യം മൂലമായിരുന്നു കൊലപാതകം. രമേഷും കൂട്ടരും സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ച ലോറി ഓടിച്ച ഡ്രൈവർ ഉണ്ണി, ഹിമാലയ മാനേജിങ് ഡയറക്ടർമാരായ സജിത്ത്‌, ബിനീഷ്‌ തുടങ്ങിയവരെ വിചാരണക്കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിക്കുകയും ഹൈക്കോടതി അത്‌ ശരിവെക്കുകയുമായിരുന്നു. Read on deshabhimani.com

Related News