എഡിഎമ്മിന്റെ ആത്മഹത്യ; കുടുംബത്തോട് ക്ഷമ ചോദിച്ച് കളക്ടർ



പത്തനംതിട്ട> ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് കണ്ണൂര്‍ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയന്‍. പത്തനംതിട്ട സബ് കളക്ടർ വഴി നവീന്‍ ബാബുവിന്റെ കുടുംബത്തിന് കളക്ടര്‍ കത്ത് കൈമാറി. സബ് കളക്ടര്‍ നേരിട്ടെത്തി കുടുംബത്തിന് കത്ത് കൈമാറുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ചേംബറില്‍ വിളിച്ചു സംസാരിച്ചിരുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു. സംഭവിക്കാന്‍ പാടില്ലാത്ത നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയില്‍ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ പങ്കുചേരാന്‍ മനസ്സ് വെമ്പുമ്പോഴും, നവീനിന്റെ വേര്‍പാടില്‍ എനിക്കുള്ള വേദനയും, നഷ്ടബോധവും. പതര്‍ച്ചയും പറഞ്ഞറിയിക്കാന്‍ എന്റെ വാക്കുകള്‍ക്ക് കെല്‍പ്പില്ല. എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍… ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കരുത്ത് ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുന്നുള്ളൂ…എന്നാണ് കത്ത് തുടരുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയ സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ പി.പി ദിവ്യ അപേക്ഷ നൽകിയിട്ടുണ്ട്. കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യ നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു മരണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്കാൻ താമസിച്ചത് സംബന്ധിച്ച പ്രശ്നത്തെ കുറിച്ചായിരുന്നു പ്രസംഗത്തിലെ പരാമർശം. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടർന്ന്  ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു. Read on deshabhimani.com

Related News