കണ്ണൂർ എരഞ്ഞോളിയിൽ സ്ഫോടനം; ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി തകർന്നു
തലശേരി > എരഞ്ഞോളിപാലത്തിനടുത്ത് ബോംബ് നിർമാണത്തിനിടയിലുണ്ടായ പൊട്ടിത്തെറിയിൽ ആർഎസ്‌എസുകാരന്റെ കൈപ്പത്തികൾ ചിതറി. എരഞ്ഞോളിപാലത്തിനടുത്ത കച്ചുമ്പ്രത്ത്‌താഴെ ശ്രുതിനിലയത്തിൽ വിഷ്‌ണു(20)ന്റെ കൈപ്പത്തിയാണ് ചിതറിപ്പോയത്. കൈക്കും ശരീരത്തിലും മാരകപരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ രാത്രി 12മണിയോടെയാണ് അത്യഗ്രസ്ഫോടനമുണ്ടായത്. വീടിനടുത്ത പറമ്പിൽ ബോംബ് നിർമിക്കുകയായിരുന്നു വിഷ്‌ണു. പരിക്കേറ്റ യുവാവിനെ കണ്ണൂർ ചാല ബേബി മെമ്മൊറിയൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷമാണ് കോഴിക്കോടേക്ക് മാറ്റിയത്. മറ്റാർക്കെങ്കിലും പരിക്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരുന്നു. സമാധാന അന്തരീക്ഷം നിലനിൽകുന്ന പ്രദേശമാണ് എരഞ്ഞോളിപാലവും പരിസരവും. പുറമെ നിന്നുള്ള ആർഎസ്‌എസുകാർ രാത്രികാലത്ത് കച്ചുമ്പ്രത്ത്‌താഴെ ക്യാമ്പ് ചെയ്യുന്നതായി നേരത്തെ വിവരമുണ്ടായിരുന്നു. ഏതാനും ദിവസമായി രാത്രികാലത്ത് ശക്തിയായ സ്‌ഫോടനമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വിഷുക്കാലമായതിനാൽ ആരും സംശയിച്ചില്ല. വിഷുവിനെ മറയാക്കി നിർമിച്ച ബോംബിന്റെ പരീക്ഷണവും പ്രദേശത്ത് നടന്നതായുള്ള വിവരവും പുറത്തുവന്നു. ബോംബ് എറിഞ്ഞ് പൊട്ടിക്കുന്ന ദൃശ്യം പ്രദേശത്തെ ആർഎസ്‌എസ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് പുറത്തായത്. ജില്ലയിൽ അക്രമപദ്ധതിക്ക് ആർഎസ്‌എസ് ആസൂത്രണം ചെയ്യുന്നതിന്റെ കൃത്യമായ സൂചനയാണ് ബോംബ് സ്‌ഫോടനത്തിലൂടെ തെളിയുന്നത്. Read on deshabhimani.com