റെയിൽവേയുടെ കോച്ച് പരിഷ്‌കാരം ; കണ്ണൂർ ജനശതാബ്ദി തനി ലോക്കലായി
കൊല്ലം തിരുവനന്തപുരം–-കണ്ണൂർ ജനശതാബ്ദിയിൽ (12082) അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ച് റെയിൽവേ. ദീർഘദൂര യാത്രക്ക് അനുയോജ്യമല്ലാത്ത സീറ്റ് ക്രമീകരണവും മുമ്പുണ്ടായിരുന്ന സൗകര്യങ്ങൾ ഇല്ലാതാക്കിയതും യാത്ര ദുരിതമാക്കി. എൽഎച്ച്‌ബി (ലിങ്ക് ഹോഫ്‌മാൻ ബുഷ്) റാക്കിലേക്ക് നടത്തിയ മാറ്റമാണ് ജനശതാബ്‌ദിയുടെ ഗരിമ നഷ്ടപ്പെടുത്തിയത്. പുതിയ സീറ്റ് ക്രമീകരണം സാധാരണ പാസഞ്ചർ കോച്ചുകളിലേതുപോലെ 90 ഡിഗ്രിയിലാണ്. നേരത്തെ പുഷ്‌ബാക്ക് ചെയറായിരുന്നു. ആംറെസ്‌റ്റും കോഫി ട്രേയും ഉണ്ടായിരുന്നു. ഇതെല്ലാം എടുത്തുകളഞ്ഞു. സാധാരണ ട്രെയിനുകളിലെ പോലെ മുഖാമുഖമാണ് സീറ്റ് ക്രമീകരണം. നേരത്തെ യാത്രക്കാരുടെ സ്വകാര്യത കൂടി കണക്കിലെടുത്ത് ഒന്നിന് പിന്നിൽ ഒന്ന് എന്ന നിലയിലായിരുന്നു. ഇത് ഉറങ്ങാനും ആഹാരം കഴിക്കാനും എല്ലാം ഉപകരിച്ചിരുന്നു. മൂന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ഇരിക്കാമായിരുന്നത് ഇപ്പോൾ ഞെരുങ്ങിയ അവസ്ഥയിലായി. സുരക്ഷയുടെ പേരിലാണ് എൽഎച്ച്‌ബി കോച്ചുകൾ കൊണ്ടുവന്നതെങ്കിലും യാത്രക്കാരുടെ സൗകര്യങ്ങളെല്ലാം കവർന്നെടുത്തു. വേണാട്, ഇന്റർസിറ്റി, വഞ്ചിനാട് തുടങ്ങിയ പകൽ വണ്ടികളുടെ കോച്ചുകൾക്ക് സമാനമായി ജനശതാബ്ദി. എന്നാൽ ടിക്കറ്റ് നിരക്ക് സൂപ്പർഫാസ്‌റ്റിന് സമാനമാണ്. തിരുവനന്തപുരം–-കോഴിക്കോട് ജനശതാബ്‌ദിയിലും (12076) അധികം വൈകാതെ കോച്ച് പരിഷ്‌കാരം കൊണ്ടുവരുമെന്നാണ് വിവരം. Read on deshabhimani.com