കണ്ണൂരിൽ കെഎസ്ഇബിയുടെ 89 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷൻ
തിരുവനന്തപുരം > കണ്ണൂർ ജില്ലയിൽ 10 നിയോജകമണ്ഡലങ്ങളിലായി 89 പോൾ മൗണ്ടഡ് ടൂവീലർ / ത്രീവീലർ ചാർജിങ് സെന്ററുകൾ പ്രവർത്തനക്ഷമമാക്കുന്നു. നാലുചക്ര വാഹനങ്ങൾക്കുള്ള രണ്ട് ഡിസി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനും ജില്ലയിൽ പൂർത്തിയായി. ഈ സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം 16-ന് രാവിലെ ഒമ്പതിന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും. മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനാകും. സംസ്‌ഥാനത്ത് ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി 1165 ചാർജിങ് സെന്ററുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കാനാണ് കെഎസ്‌ഇബി ലക്ഷ്യമിടുന്നത്. വൈദ്യുതി തൂണിൽ വൈദ്യുതി അളക്കുന്നതിനുള്ള എനർജി മീറ്ററും വാഹനം ചാർജ് ചെയ്യുമ്പോൾ അളക്കുന്നതിനുള്ള സംവിധാനവും ഘടിപ്പിച്ചിരിക്കും. മൊബൈൽ ആപ്ലിക്കേഷൻവഴി പണം അടച്ച് ടൂവിലറുകൾക്കും ഓട്ടോറിക്ഷകൾക്കും ഇവിടെനിന്ന് ചാർജ് ചെയ്യാൻ കഴിയും. ഒരു യൂണിറ്റ് ചാർജ് ചെയ്യാൻ 10- രൂപയാണ് നിരക്ക്. പദ്ധതിയുടെ പൈലറ്റ് അടിസ്ഥാനത്തിൽ 10 ചാർജിങ് സ്റ്റേഷനുകൾ കോഴിക്കോട് നഗരത്തിൽ 2021 ഒക്ടോബറിൽ പൂർത്തീകരിച്ചിരുന്നു. ഇത് വിജയകരമായതിനെത്തുടർന്ന് ഓട്ടോറിക്ഷാ തൊഴിലാളികളുടെ ആവശ്യംകൂടി പരിഗണിച്ചാണ് വിപുലമായ ചാർജിങ് ശൃഖല സ്ഥാപിക്കാൻ തീരുമാനിച്ചത്. Read on deshabhimani.com