കണ്ണൂർ റെയിൽവേ സ്‌റ്റേഷനില്‍ യാത്രക്കാരെ കടിച്ച തെരുവുനായക്ക് പേവിഷബാധ
കണ്ണൂർ > ബുധനാഴ്‌ച കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ 15 യാത്രക്കാരെ കടിക്കുകയും പിന്നീട് ചത്തനിലയിൽ കണ്ടെത്തുകയുംചെയ്‌ത തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ജില്ലാ വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് സ്ഥിരീകരണം. ഈ നായയുടെ കടിയേറ്റ പതിനഞ്ചുപേരും നിരീക്ഷണത്തിലാണ്. ഇവർ നേരത്തെ ജില്ലാ ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്തിരുന്നു. നായക്ക് പേവിഷബാധ സ്ഥിരികരിച്ചതോടെ ജനങ്ങളാകെ ഭീതിയിലാണ്. വിഷബാധയേറ്റ നായ റെയിൽവേ സ്റ്റേഷനിലെ മറ്റുനായകളെയും കടിച്ചിരുന്നു. ഇവ ഇപ്പോഴും റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിയുന്നുണ്ട്. തെരുവുനായ ശല്യം രൂക്ഷമായതിനാൽ യാത്രക്കാർക്ക് റെയിൽവേ പൊലീസും അധികൃതരും ജാഗ്രതാനിർദേശം നൽകുന്നുണ്ട്. ബുധനാഴ്‌ച വൈകിട്ട് ആറുവരെയുള്ള സമയങ്ങളിലായാണ് 15 പേർക്കും കടിയേറ്റത്. സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയെയാണ് ആദ്യം കടിച്ചത്. പിന്നീട് ട്രെയിനിറങ്ങിയ പയ്യന്നൂർ സ്വദേശിക്കും കടിയേറ്റു. 6.30 ഓടെ കിഴക്കേ കവാടത്തിനടുത്ത ക്വാർട്ടേഴ്‌സിന് സമീപത്താണ് നായയുടെ ജഡം കണ്ടെത്തിയത്. Read on deshabhimani.com