ഓണമായാലും വിഷുവായാലും കരിമ്പുഴ കൈത്തറിക്ക് പ്രിയമേറെ
പാലക്കാട് > പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ കരിമ്പുഴയെത്തി ശ്രീരാമസ്വാമി ക്ഷേത്രം വഴി കൂട്ടിലക്കടവ് റോഡിലൂടെ വെറുതെ നടന്നു നോക്കണം. വീടുകളിലെ തറികളിൽനിന്ന് ‘ടിക്... ടിക്... ടിക്...’ എന്ന ശബ്ദം കേൾക്കാം. ഓണ വിപണിയുടെ പ്രിയപ്പെട്ട കരിമ്പുഴ കൈത്തറി പിറവിയെടുക്കുന്നത് ഇവിടെയാണ്. ഓരോ കസവ് പട്ടുസാരിയിലും സെറ്റുസാരിയിലും ഡബിൾ മുണ്ടിലും സൂക്ഷ്മതയും കലാവാസനയും ആത്മസമർപ്പണവും തെളിഞ്ഞുനിൽക്കും. നൂറ്റാണ്ടുകൾ പിന്നിട്ട കരിമ്പുഴ കൈത്തറിയുടെ പാരമ്പര്യത്തിന്റെ ഇഴയടുപ്പം അടുത്തുനിന്ന് കാണാനും ഇഷ്ടമായത് നേരിട്ട് വാങ്ങാനും കഴിയും. നിരവധിപേരാണ് ജില്ലയ്‌ക്ക് പുറത്തുനിന്ന് നെയ്‌ത്തുഗ്രാമത്തെ തേടിയെത്തുന്നത്. വിഷുകഴിഞ്ഞാൽ ഓണവിപണിയെ ലക്ഷ്യമിട്ട് ഊടും പാവും കളർ നൂലും കസവും മൊത്തക്കച്ചവടക്കാർ നെയ്‌ത്തുകാരെ ഏൽപ്പിക്കും. ‘ഡബിൾ മുണ്ട് നെയ്തെടുക്കാൻ ഒരുദിവസം, സെറ്റുസാരിക്ക് ഒന്നര ദിവസം’ – 57 വർഷമായി തെരുവിൽ നെയ്‌ത്തുതുടരുന്ന തങ്കവേലു പറഞ്ഞു. ഡിസൈൻ സാരികൾക്ക് നാലുദിവസം മുതൽ ഒരു ആഴ്ചവരെ വേണം. തുണികളുടെ പ്രത്യേകതകൾക്ക് അനുസരിച്ചാണ് പ്രതിഫലം. നൂൽ, കസവ് എന്നിവ സേലത്തുനിന്നാണ് വരുന്നത്. മൂന്ന് നൂറ്റാണ്ട് മുൻപ് കർണാടകയിലെ ഹംപിയിൽനിന്നും കുടിയേറിപ്പാർത്തവരാണ് കരിമ്പുഴയിൽ നെയ്ത്താരംഭിക്കുന്നത്. അവരുടെ പിൻമുറക്കാൻ അത് തുടർന്നുവന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഇരുന്നൂറോളം വീടുകളിൽ നെയ്ത്തുണ്ടായിരുന്നു. ഓണവും വിഷുവുമൊക്കെയെത്തിയാൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തറികളുടെ താളം ഈ വീടുകളിൽ നിന്ന് ഉയർന്നു കേട്ടുകൊണ്ടേയിരുന്നു. പത്തിലേറെ തറികൾ ഉള്ള വീടുകളുണ്ടായിരുന്നു. ലോകത്തിന്റെ പല ഭാഗത്തേക്കും കരിമ്പുഴയുടെ കൈത്തറി കയറ്റി അയച്ചിരുന്നു. എന്നാലിന്നത് ഇരുപത്തിയഞ്ചിലധികം വീടുകളിൽ മാത്രമാണ് നെയ്ത്തുള്ളത്. പ്ലെയിൻ സാരികൾക്ക് പ്രത്യേകം ചിത്രചാരുത നൽകാൻ നാലോളം വീടുകളിൽ പ്രിന്റിങ് വ്യവസായവുമുണ്ട്. കൂട്ടിലക്കടവ്–കരിമ്പുഴ റോഡിൽ ഇരുപതോളം വസ്ത്ര വ്യാപാര സ്ഥാപനമുണ്ട്. പവർലൂം ഉൽപ്പന്നങ്ങളും ലഭിക്കും. യുവ സംരംഭകരും രംഗത്തുണ്ട്. Read on deshabhimani.com